പൊന്നാനി : നവീകരിച്ച ബസ് സ്റ്റാൻഡ് കാണാൻ ഇനിയും കാത്തിരിക്കണം. ഒക്ടോബറിൽ പൂർത്തിയാക്കാനിരുന്നതാണെങ്കിലും പണികൾ ഇതുവരെ പകുതിപോലും ആയില്ല. ആധുനികരീതിയിൽ ബസ് സ്റ്റാൻഡ് നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയതു മുതൽ തുടങ്ങിയതാണ് മെല്ലെപ്പോക്ക്.നിർമാണോദ്ഘാടനം കഴിഞ്ഞ് നാലുമാസം കഴിഞ്ഞാണ് പണികൾ ആരംഭിച്ചത്. ഡിസംബറിൽ ജോലികൾ പൂർത്തീകരിക്കുമെന്നാണ് കരാർ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി നഗരസഭയെ ഒടുവിൽ അറിയിച്ചിട്ടുള്ളത്. എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗംചേർന്ന് ജോലികൾ നേരത്തെ പൂർത്തീകരിക്കാൻ കരാറുകാർക്ക് നിർദേശം നൽകാനാണു നീക്കം.
പി. നന്ദകുമാർ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഒരേസമയം ഒൻപത് ബസുകൾക്ക് നിർത്തിയിടാവുന്ന തരത്തിലാണ് സ്റ്റാൻഡ് വിഭാവനംചെയ്തിരിക്കുന്നത്. ശൗചാലയ സമുച്ചയം, കാത്തിരിപ്പു കേന്ദ്രം, ലഘു ഭക്ഷണശാല എന്നിവയുമുണ്ടാകും.യാത്രക്കാരുടെയും ബസ്ജീവനക്കാരുടെയും ദുരിതം കണക്കിലെടുത്താണ് ബസ് സ്റ്റാൻഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്.