പൊന്നാനി : നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിൽനിന്ന് പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി മാറ്റുന്ന കാര്യത്തിൽ തീർപ്പുണ്ടായതാണ്. എന്നാൽ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ആധിയോടെയാണ് ആളുകൾ കോടതി കയറിയിറങ്ങുന്നത്. പേടിയോടെ ജോലിയെടുക്കാനാണ് ജീവനക്കാരുൾപ്പെടെയുള്ളവരുടെയും വിധി.കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിട്ടറിയാൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പൊന്നാനിയിലെത്തി മടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞു. കോടതി താത്കാലിക കെട്ടിടത്തിലേക്ക് മാറാനും നിലവിലെ കെട്ടിടത്തോട് ചേർന്ന സ്ഥലത്ത് കോടതിക്കെട്ടിടസമുച്ചയം നിർമിക്കാനുമാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചതാണ്. എന്നാൽ, കെട്ടിടമാറ്റം ഇപ്പോഴുമായില്ല.

സുരക്ഷിതമല്ലെന്ന് പൊതുമരാമത്ത് വിഭാഗം തന്നെ മുന്നറിയിപ്പ് നൽകിയ കെട്ടിടത്തിലാണ് നൂറുകണക്കിനാളുകൾ ദിനേന വന്നുപോകുന്ന കോടതി പ്രവർത്തിക്കുന്നത്. മഴ പെയ്താൽ ഫയലുകളുമായി ജീവനക്കാർ പ്രയാസപ്പെടും. വെള്ളം നനയാത്ത ഒരിടത്ത് ഫയലുകൾ സൂക്ഷിക്കുകയെന്നത് ഏറെ ശ്രമകരം. മഴ പെയ്താൽ കെട്ടിടത്തിൽ ചുമരിൽ തൊട്ടാൽ പോലും വൈദ്യുതാഘാതമേൽക്കുന്ന സ്ഥിതിയാണ്.വർഷങ്ങൾ പഴക്കമുള്ളതും മഴ പെയ്ത് കുതിർന്നുനിൽക്കുന്നതുമായ കെട്ടിടം തകർന്നുവീഴാത്തത് ഭാഗ്യംകൊണ്ടുമാത്രമാണെന്നാണ് ജീവനക്കാരും അഭിഭാഷകരും പറയുന്നത്. ഉത്തരവാദപ്പെട്ടവരെല്ലാം കെട്ടിടത്തിന്റെ അവസ്ഥ നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണ്. എന്നിട്ടും അടിയന്തരമായി കെട്ടിടം മാറ്റുന്നതിനുള്ള നടപടികൾ ഉണ്ടാകുന്നില്ല.മിനി സിവിൽ സ്റ്റേഷനിലേക്ക് താത്കാലികമായി കെട്ടിടം മാറ്റാനാണ് തീരുമാനം. സൗകര്യങ്ങൾ കുറവാണെന്നതിനാൽ രണ്ടു മുറി കൂടി കോടതിക്കായി സിവിൽ സ്റ്റേഷനിൽ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതീകരണജോലികൾ ഉൾപ്പെടെ പൂർത്തിയാകാത്തതാണ് കെട്ടിടമാറ്റം വൈകുന്നതിന് കാരണമെന്ന് അറിയുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *