എരമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴ പൊന്നാനി കോൾ കർഷകരെ ആശങ്കയിലാക്കി. നൂറടിത്തോട്ടിൽ വെള്ളം ഉയർന്നതോടെ ബിയ്യം റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ മൂന്ന് ഷട്ടറുകൾ തുറന്നു.നൂറടിത്തോട്ടിൽനിന്ന് വെള്ളം കരകവിഞ്ഞൊഴുകുന്നത് കോൾപടവുകൾക്ക്‌ ഭീഷണിയായതോടെയാണ് കർഷകരുടെ ആവശ്യം പരിഗണിച്ച് ഇറിഗേഷൻ വകുപ്പ് അധികൃതർ തിങ്കളാഴ്ച മൂന്നു ഷട്ടറുകളും പൂർണമായും തുറന്നത്. പാടശേഖരങ്ങളിൽനിന്ന്‌ പമ്പിങ് നടക്കുന്നതും മഴയെത്തിയതുമാണ് നൂറടിത്തോട്ടിലെ വെള്ളം ഉയരാൻ കാരണം. ഉയരം കുറഞ്ഞ ബണ്ടിനു മുകളിൽ ചാക്കുകളിൽ മണ്ണ് നിറച്ച്‌ തടയണ കെട്ടി നീരൊഴുക്ക് തടയുന്ന പ്രവൃത്തികൾ പല പടവുകളിൽ നടത്തിയിരുന്നു. ചില കോൾപ്പടവുകളിൽ അടുത്തദിവസങ്ങളിൽ പമ്പിങ് തുടങ്ങാനിരിക്കുകയാണ്. നൂറടിത്തോട്ടിൽ വെള്ളം കുറയുന്നതിനനുസരിച്ച്‌ ഷട്ടർ ക്രമീകരണത്തിൽ മാറ്റം വരുത്തുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *