പൊന്നാനി : ജല അതോറിറ്റി വാക്കു തെറ്റിച്ചു. റോഡ് നവീകരണത്തിനായി നഗരസഭ നൽകിയ 1.2 കോടി രൂപ വകുപ്പിൽനിന്ന് തിരിച്ചു വാങ്ങാനൊരുങ്ങി നഗരസഭ. ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചുവെന്നു ജല അതോറിറ്റിക്കെതിരെ നഗരസഭയുടെ രൂക്ഷ വിമർശനം. അമൃത് പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തിയ കരാറുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടും നഗരസഭ രംഗത്ത്. നഗരസഭയ്ക്കു നൽകിയ ഉറപ്പിന് ഒരു വിലയും കൽപിക്കാതായതോടെയാണ് ജല അതോറിറ്റിക്കെതിരെയും കരാറുകാർക്കെതിരെയും നഗരസഭ നീക്കം തുടങ്ങിയത്.
കരാർ കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് കഴിയുന്നില്ല. തീരദേശമേഖലയിൽ ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട റോഡുകൾ നന്നാക്കാത്തിനാൽ മാസങ്ങളായി കടുത്ത യാത്രാ ദുരിതമാണ് നാട്ടുകാർ നേരിടുന്നത്. കഴിഞ്ഞ 30ന് നിർമാണം പൂർത്തിയാക്കണമെന്ന അവസാന താക്കീതും കരാറുകാർ ലംഘിച്ചു. തീരദേശത്ത് മുഴുവൻ വാർഡുകളിലും ഗാർഹിക ശുദ്ധജല കണക്‌ഷന് വേണ്ടി റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പൊളിച്ചിട്ട റോഡുകളുടെ നവീകരണവും ഏറെ നീണ്ടതോടെയാണ് കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. കരാറുകാർക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടിസ് നൽകും. പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൊളിക്കുന്ന റോഡുകളുടെ നവീകരണത്തിന് നഗരസഭ 1.2 കോടി രൂപ ജലഅതോറിറ്റിക്ക് നൽകിയിരുന്നു. ഇതും അടിയന്തരമായി തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചു.