പൊന്നാനി : ആറുവരിയിൽ കുതിച്ചുപായാവുന്ന പുതുപാത മുന്നിൽ മലർക്കേ തുറക്കുമ്പോൾ പൊന്നാനി നഗരസഭയിലെ തെയ്യങ്ങാട്ടുകാർ ചോദിക്കുന്നു- രണ്ടായി പകുത്തുപോകുന്ന ഞങ്ങളുടെ വഴികളിലേക്ക് നടന്നുപോകാനെങ്കിലും തരുമോ ഒരു മേൽപ്പാലം.ഇവിടെ ദേശീയപാതയുടെ ഇരുഭാഗത്തും താമസിക്കുന്നവർ പുതുപാത തുറക്കുന്നതോടെ വേർതിരിക്കപ്പെടും. വലിയ യാത്രാപ്രതിസന്ധിയുണ്ടാക്കുന്ന പ്രദേശമാണ് ചമ്രവട്ടം കവല മുതൽ തെയ്യങ്ങാട് ഉൾപ്പെടുന്ന പള്ളപ്രം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം.
ഇവിടെ അഞ്ച് റോഡുകളാണ് ദേശീയപാത മുറിച്ച് കടന്നുപോകുന്നത്. ഉറൂബ്നഗർ-ചന്തപ്പടി, മുക്കിലപീടിക-നായരങ്ങാടി, ഓംതൃക്കാവ്-ചന്തപ്പടി, പുളിക്കക്കടവ് തെയ്യങ്ങാട് വഴി നായരങ്ങാടി, ശങ്കരേട്ടൻ വഴി കേരള ഷെഡ് എന്നിവയാണ് അവ. ദേശീയപാതയുടെ കിഴക്ക് മുന്നൂറ് മീറ്ററിനുള്ളിൽ 1400 കുട്ടികൾ പഠിക്കുന്ന ഒരു എൽ.പി. സ്കൂൾ, 150 കുട്ടികൾ പഠിക്കുന്ന മദ്രസ, ഒരു പള്ളി, അങ്കണവാടി, കെ.എസ്.ഇ.ബി. ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം, കൃഷിഭവൻ, ഓംതൃക്കാവ് ക്ഷേത്രം എന്നിവയുണ്ട്. വഴിയുടെ പടിഞ്ഞാറ് മുക്കാൽ കിലോമീറ്ററിനുള്ളിൽ ഒരു എൽ.പി. സ്കൂൾ, രണ്ട് ഹയർസെക്കൻഡറി സ്കൂളുകൾ, ഹൈസ്കൂൾ, യു.പി. സ്കൂൾ, കണ്ടേംകുളങ്ങര ക്ഷേത്രം, സെയ്‌ൻറ് ആന്റണീസ് പള്ളി എന്നിവയുമുണ്ട്.
ആയിരത്തിലേറെ കുട്ടികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇതുവഴി പോകുന്നത്. നിലവിൽ ചമ്രവട്ടം കവലയ്ക്കും പള്ളപ്രത്തിനുമിടയിൽ അടിപ്പാത അനുവദിച്ചിട്ടില്ല.പൊന്നാനി നഗരസഭയിലെ 20, 21, 31, 29 വാർഡുകൾ വിഭജിക്കപ്പെട്ടുപോകുമെന്ന സ്ഥിതിയാണ്. പുതുപാതയ്ക്കായി ഏറ്റെടുത്ത 45 മീറ്ററിൽ ഇരുവശത്തും രണ്ടു മീറ്റർ സ്ഥലം വീതം നിലവിൽ ഒഴിച്ചിട്ടുണ്ട്. അതുപയോഗപ്പെടുത്തി നാട്ടുകാർക്ക് നടന്നുപോകാനൊരു മേൽപ്പാലമെങ്കിലും കിട്ടണമെന്നാണ് അവരുടെ ആവശ്യം.കാസർകോട് ജില്ലയിൽ ഇത്തരം പാലം ഒരുക്കിയിട്ടുണ്ട്. ഇവിടെയും അതിന്റെ സാധ്യത ഉപയോഗപ്പെടുത്താൻ ജനപ്രതിനിധികൾ സമ്മർദം ചെലുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.