തിരൂർ  : തിരുനാവായയ്ക്കും പരപ്പനങ്ങാടിക്കും ഇടയിൽ 15 ദിവസത്തിനുള്ളിലുണ്ടായ ട്രെയിൻ അപകടങ്ങളിൽ മരിച്ചത് 4 പേർ. 3 പേർ ട്രെയിൻ തട്ടിയും ഒരാൾ ട്രെയിനിൽ നിന്നു വീണുമാണ് മരിച്ചത്. കഴിഞ്ഞ 27ന് തുമരക്കാവിനും മീനടത്തൂരിനും ഇടയിൽ വച്ച് ചെന്നൈ മെയിൽ തട്ടി താനൂർ കെപുരം സ്വദേശിനിയായ 24 വയസ്സുകാരി മരിച്ചിരുന്നു.‌ ഇതിന്റെ നടുക്കം മാറും മുൻപ് നവംബർ 2ന് താനൂർ മുക്കോലയിൽ വച്ച് ഉച്ചയ്ക്ക് ജനശദാബ്ദി ട്രെയിൻ ഇടിച്ച് താനൂർ പരിയാപുരം സ്വദേശിയായ 29 വയസ്സുകാരനും മരിച്ചു. ഞായറാഴ്ച രാത്രിയാണ് മറ്റു 2 അപകടങ്ങളുണ്ടായത്. പരപ്പനങ്ങാടി ചിറമംഗലത്ത് സുഹൃത്തുക്കളുമൊത്ത് പാളത്തിലൂടെ നടന്നു പോകുകയായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ 39 വയസ്സുകാരനാണ് ആദ്യം മരിച്ചത്. ഇയാളെ ഇടിച്ച ട്രെയിൻ ഏതെന്നു വ്യക്തമായിട്ടില്ല.

‌തിരുനാവായയ്ക്കും തെക്കൻ കുറ്റൂരിനും ഇടയിൽ വച്ച് ബേപ്പൂർ സ്വദേശിയായ 25 വയസ്സുകാരനാണു ഷൊർണൂർ – കോഴിക്കോട് പാസഞ്ചറിൽ നിന്നു വീണു മരിച്ച മറ്റൊരാൾ. അശ്രദ്ധയാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നു. ‌പാളത്തിലൂടെ സഞ്ചരിക്കുമ്പോൾ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടങ്ങൾക്കു പ്രധാന കാരണം.  ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും സ്റ്റേഷനുകളിൽ ആളുകൾ പ്ലാറ്റ്ഫോമിലേക്കു വീഴുന്ന സംഭവങ്ങളും തുടർച്ചയായി ഉണ്ടാകുന്നുണ്ട്. സമീപത്ത് ഡ്യൂട്ടിയിലുള്ള ആർപിഎഫ്‍ ഉദ്യോഗസ്ഥർ ഓടിയെത്തിയാണു യാത്രക്കാരെ രക്ഷപ്പെടുത്തുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *