തിരൂർ  : കുടുംബക്കൂട്ടായ്മയായ ആക്ട് തിരൂരിന്റെ ആക്ട് നാടകമേളയ്ക്ക് തിരശീല ഉയർന്നു. തിരൂർ നഗരസഭയുടെ സഹകരണത്തോടെ 18 വരെ വാഗൺ ട്രാജഡി ടൗൺഹാളിലാണു മേള നടക്കുന്നത്. 17 വരെ അഖില കേരള പ്രഫഷനൽ നാടക മത്സരമാണ് നടക്കുന്നത്. കാണികൾ തന്നെയാണ് മികച്ച നാടകം തിരഞ്ഞെടുക്കുന്നത്. 16ന് ആക്ട് പുരസ്കാരം നടൻ ടി.ജി.രവിക്ക് മന്ത്രി വി.അബ്ദുറഹിമാൻ സമ്മാനിക്കും. ഇന്നലെ നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫിസർ ഡോ. കെ.വി.രാജഗോപാലൻ മേള ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭാധ്യക്ഷ എ.പി.നസീമ ആധ്യക്ഷ്യം വഹിച്ചു.

കുറുക്കോളി മൊയ്തീൻ എംഎൽഎ, വിക്രമകുമാർ മുല്ലശ്ശേരി, കരീം മേച്ചേരി, എസ്.ഗിരീഷ്, കെ.കെ.സലാം, പി.എ.ബാവ, വി.കെ.റഷീദ്, എസ്.ത്യാഗരാജൻ, മനോജ് ജോസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കേരകേസരി പുരസ്കാര ജേതാവ് പി.ടി.സുഷമയെ ആദരിച്ചു.18ന് സമാപന സമ്മേളനം എം.പി.അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. അന്ന് മികച്ച നാടകത്തിനുള്ള സമ്മാനവിതരണവും നടക്കും. ഇന്നലെ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അച്ഛൻ എന്ന നാടകം കളിച്ചു. ഇന്ന് വടകര വരദയുടെ അമ്മ മഴക്കാറ് എന്ന നാടകം കളിക്കും.ജനാർദനൻ പേരാമ്പ്രയില്ലാത്ത ആദ്യത്തെ ആക്ട് നാടകമേളയാണ് തിരൂരിൽ നടക്കുന്നത്. തിരൂരിന്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ദിശാബോധമേകാൻ ആർട്ട് ആൻഡ് കൾചറൽ തിയറ്റർ തിരൂർ എന്ന സംഘടനയ്ക്കു രൂപം നൽകിയ വ്യക്തിയാണ് ജനാർദനൻ പേരാമ്പ്ര. ‌

വർഷങ്ങൾക്കു മുൻപ് അധ്യാപകനായാണ് ജനാർദനൻ തിരൂരിലെത്തിയത്. സ്റ്റേറ്റ് ലൈഫ് ഇൻഷൂറൻസ് അസി. ഡയറക്ടറായി സർവീസിൽ നിന്നു വിരമിച്ച ശേഷവും കലാ പ്രവർത്തനങ്ങളിൽ സജീവമായി നിന്നു. കവി കൂടിയായിരുന്ന അദ്ദേഹം ആക്ടിന്റെ സ്ഥാപക സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ അദ്ദേഹം വിട പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഇത്തവണ നാടക മേള നടക്കുന്ന തിയറ്ററിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഇന്നലെ നടന്ന ചടങ്ങിൽ ആക്ട് തിരൂരിന്റെ സ്ഥാപക പ്രസിഡന്റ് വി.പത്മനാഭൻ (ബേബി), നാടക പ്രവർത്തകനായിരുന്ന കെ.എക്സ്.ആന്റോ എന്നിവരെയും സ്മരിച്ചാണ് ഇന്നലെ നാടകമേള തുടങ്ങിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *