പൊന്നാനി : ടൂറിസം സാധ്യതകൾക്കായി തുറന്നിട്ട കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും. നടപടിയെടുക്കാതെ അധികൃതർ. ഭാരതപ്പുഴയോരത്തെ ടൂറിസം പാതയിലാണ് വലിയ വാഹനങ്ങൾ അപകട ഭീഷണി ഉയർത്തുന്ന തരത്തിൽ അതിവേഗത്തിൽ ഓടുന്നത്. വലിയ ചരക്കുലോറികൾ പുഴയോരത്ത് നിർത്തിയിടുന്നതും പതിവായി. വലിയ വാഹനങ്ങൾ ഇതുവഴി യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് ബോർഡ് റോഡിൽ സ്ഥാപിച്ചിട്ടും ഇതെല്ലാം മറികടന്നാണ് ഓട്ടം.

ദിവസവും രാവിലെയും വൈകിട്ടും നൂറുകണക്കിനാളുകൾ പുഴയോരത്ത് നടക്കാനിറങ്ങുന്നുണ്ട്. പുഴയോര ടൂറിസം ആസ്വദിക്കുന്നതിനായി ജില്ലയ്ക്കു പുറത്തുനിന്നു വരെ ഒട്ടേറെപ്പേർ കർമ റോഡിലേക്ക് വരുന്നുണ്ട്. ഇവർക്കെല്ലാം ഭീതിയുണർത്തുന്ന തരത്തിലാണ് വലിയ വാഹനങ്ങൾ കടന്നുപോകുന്നത്. ഫിഷിങ് ഹാർബറിൽനിന്ന് കർമ പാലം വഴി മീൻലോറികൾ കർമ റോഡിലൂടെ നരിപ്പറമ്പിലേക്കു കടക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് പരാതി. പ്രദേശവാസികളടക്കം പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. മുൻപ് പലതവണ അപകട മരണങ്ങൾ കർമ റോഡിലുണ്ടായിരുന്നു. പ്രഭാത സവാരിക്കിടെ പിറകിൽ ഗുഡ്സ് ഓട്ടോയിടിച്ച് 2 പേർ മരിച്ചിരുന്നു. പൊന്നാനിയിൽ പ്രഭാത സവാരിക്കായി കൂടുതൽ ആളുകൾ എത്തുന്ന ഭാഗം കൂടിയാണിത്. വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പുഴയോരത്തെ ടൂറിസം സാധ്യതകൾക്ക് മങ്ങലേൽക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *