ചങ്ങരംകുളം : പെരുമ്പടപ്പ് കൃഷിഭവനിൽനിന്നു വിതരണം ചെയ്തത് മുളയ്ക്കാത്ത വിത്തെന്നു പരാതി. ചെറവല്ലൂർ തെക്കേക്കെട്ട്, തുരുത്തുമ്മൽ കോൾപടവ് എന്നിവിടങ്ങളിൽ വിതരണം ചെയ്ത ഉമ വിത്താണ് പകുതിയിലധികം മുളയ്ക്കാത്തത്. കൃഷിഭവനിൽ പരാതി പറഞ്ഞെങ്കിലും പകരം വിത്ത് നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. വിത്ത് ലഭിച്ചു 10 ദിവസത്തിനുള്ളിൽ പരാതി അറിയിക്കണമെന്ന് നിർദേശം ഉണ്ടെന്നും പൊട്ടിച്ച ചാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ലെന്നുമായിരുന്നു കൃഷിഭവനിൽനിന്നു കർഷകരെ അറിയിച്ചത്.

മഴ തുടർന്നതിനാൽ വിത്ത് ലഭിച്ചു ദിവസങ്ങൾ കഴിഞ്ഞാണ് കർഷകർ വിത്ത് മുളപ്പിക്കാൻ ആരംഭിച്ചത്. വിത്തിന്റെ അപാകത മുളപ്പിച്ചു നോക്കുമ്പോഴാണ് അറിയുന്നത്. ഉടനെ കൃഷിഭവനിൽ അറിയിക്കുകയും ചെയ്തു. പൊട്ടിച്ച ചാക്ക് തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് കൃഷി വകുപ്പധികൃതർ കർഷകരെ അറിയിച്ചത്. മുളയ്ക്കാത്ത വിത്ത് ഈ വർഷത്തെ വിളവിനെ ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. പകരം വിത്ത് ഉടൻ വിതരണം ചെയ്യാൻ അധികൃതർ തയാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വിത്ത് വിതരണം വൈകിയാൽ പാടശേഖരങ്ങളുടെ പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന ആശങ്കയിലാണ് കർഷകർ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *