കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിന്റെ ഒരു ഭാഗത്തെ മലിനജലം മുഴുവൻ തോടിലൂടെ ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നത് തുടരുമ്പോഴും നടപടിയെടുക്കാതെ പഞ്ചായത്ത് ഭരണസമിതി. കറുത്ത നിറത്തിലുള്ളതും അസഹനീയ ദുർഗന്ധമുള്ളതുമായ മലിനജലമാണ് രണ്ടു ദിവസമായി തോട്ടിലൂടെ ഭാരതപ്പുഴയിലെത്തുന്നത്. ഇതു സംബന്ധിച്ച് ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് ഏതാനും ദിവസം മുൻപ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി പ്രത്യാഘാതങ്ങളെക്കുറിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. എന്നിട്ടും നടപടികൾ സ്വീകരിക്കാൻ ഭരണസമിതി തയ്യാറായിട്ടില്ല. വൺവേ റോഡിലെ ബി.എസ്.എൻ.എൽ. ഓഫീസിന് സമീപത്തുനിന്ന് ടൗൺ ബസ് സ്റ്റാൻഡ് വഴി 300 മീറ്ററിലധികം നീളത്തിലാണ് ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത്.