തിരൂർ : നഗരത്തിൽ ജല അതോറിറ്റിയുടെ പൈപ്പുകൾക്ക് ഇപ്പോൾ 2 പണിയാണുള്ളത്. ഒന്ന് വീടുകളിൽ വെള്ളമെത്തിക്കുന്നതും മറ്റൊന്ന് പൊട്ടിയ ശേഷം റോഡിൽ വെള്ളമൊഴുക്കുന്നതും. ജല അതോറിറ്റി നഗരത്തിൽ ദശാബ്ദങ്ങൾക്കു മുൻപ് സ്ഥാപിച്ച പൈപ്പുകളാണ് ഇപ്പോൾ പൊട്ടിക്കൊണ്ടിരിക്കുന്നത്. പലതവണ റോഡ് പണി നടന്നപ്പോഴൊക്കെ ഈ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ടായിരുന്നു. എന്നാൽ നടന്നില്ല. 9 വർഷം മുൻപ് നഗരത്തിലെ പ്രധാന റോഡുകളിലെ പൈപ്പുകൾ മാറ്റാൻ 20 കോടി രൂപ അനുവദിക്കാമെന്ന് അന്നത്തെ സർക്കാർ അറിയിച്ചിരുന്നതാണ്.

എന്നാൽ അന്നു പറഞ്ഞ പണം ഇതുവരെ എത്തിയിട്ടില്ല.സിറ്റി ജംക‍്ഷൻ മുതൽ താഴേപ്പാലം വരെയാണ് പൈപ്പ് പൊട്ടൽ സ്ഥിരമായി നടക്കുന്നത്. ഇവിടെ ആഴ്ചയിലൊരിക്കൽ ഒരിടത്തെങ്കിലും പൈപ്പ് പൊട്ടുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ ദിവസം സിറ്റി ജംക‍്ഷനിൽ പൈപ്പ് പൊട്ടുകയും റോഡ് കുഴിച്ച് ശരിയാക്കുകയും ചെയ്തു. ഈ പണി കഴിഞ്ഞതിന്റെ ചൂടാറും മുൻപ് താഴേപ്പാലത്തിനടുത്ത് വെള്ളം ചോർന്നു തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ മറ്റു പലയിടങ്ങളിലും ഇതേ സ്ഥിതിയാണുള്ളത്.

ജല അതോറിറ്റി ഓഫിസിൽ ഇപ്പോൾ അസി. എക്സിക്യൂട്ടീവ് എൻജിനീയറും അസി. എൻജിനീയറും ഇല്ലാത്ത പ്രശ്നവുമുണ്ട്. ഇവിടെയുണ്ടായിരുന്ന എൻജിനീയർമാർ സ്ഥലം മാറിപ്പോയതാണ്. പിന്നീട് പുതിയ ആളുകളെ നിയമിച്ചിട്ടില്ല. നിലവിൽ പൊന്നാനി അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കും കോട്ടയ്ക്കൽ അസി. എൻജിനീയർക്കുമാണ് ഇവിടെ ചുമതല. ജില്ലയിലെ ഏറ്റവും വലിയ ജല അതോറിറ്റി ഡിവിഷനാണ് തിരൂർ.

Related Post

Leave a Reply

Your email address will not be published. Required fields are marked *