പാൻകാർഡിനെ വിവിധ സർക്കാർ ഏജൻസി പ്ലാറ്റ്ഫോമുകളിൽ പൊതു തിരിച്ചറിയൽരേഖയാക്കി ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ പാൻ 2.0 പദ്ധതി വരുന്നു. നികുതിദായകരുടെ രജിസ്ട്രേഷൻ ഉൾപ്പെടെ സാങ്കേതികവിദ്യയിലധിഷ്ഠിതമാക്കുന്ന ആദായനികുതിവകുപ്പിന്റെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി.1,435 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാനിനായി ഒരു ഏകീകൃത പോർട്ടൽ വരും. പരാതിപരിഹാര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന പോർട്ടലിലെ പ്രവർത്തനങ്ങൾ കടലാസ് രഹിതമായിരിക്കും.

ആദായനികുതിവകുപ്പ് നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ രേഖപ്പെടുത്താൻ നൽകുന്ന പത്തക്കമുള്ള ആൽഫ ന്യൂമറിക് തിരിച്ചറിയൽനമ്പറാണ് പാൻ. അപേക്ഷ നൽകുന്നതിനനുസരിച്ച് ആർക്കുവേണമെങ്കിലും ലാമിനേറ്റ് ചെയ്ത കാർഡായി ഇതു ലഭിക്കും. നിലവിലുള്ള പാൻ തുടർന്നും ഉപയോഗിക്കാം. നിലവിൽ പാൻ ഉള്ളവർക്ക് ക്യു.ആർ. കോഡ് ഉൾപ്പെടുത്തി പുതിയ പാൻകാർഡ് സൗജന്യമായി ലഭ്യമാക്കും. പദ്ധതി നടപ്പാകുന്നതോടെ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വർധിക്കും. രജിസ്ട്രേഷനുൾപ്പെടെ നടപടികൾ ഡിജിറ്റലാക്കുന്നതോടെ കൂടുതൽ ലളിതമാകും.

വിവിധ സംവിധാനങ്ങളിൽ ഏകീകൃത സ്രോതസ്സിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കും. വിവരങ്ങളുടെ സ്ഥിരതയ്ക്കൊപ്പം നടപടിക്രമങ്ങൾ പരിസ്ഥിതിസൗഹൃദമാക്കാനും ചെലവുചുരുക്കാനും പദ്ധതി ലക്ഷ്യംവെക്കുന്നുണ്ട്. നിലവിലുള്ള പാൻ/ടാൻ 1.0 പദ്ധതിയുടെ തുടർച്ചയാണ് പാൻ 2.0 എത്തുന്നത്. പാൻ വിവരങ്ങളുടെ ഡിജിറ്റൽസുരക്ഷ ശക്തമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *