എരമംഗലം : ജുമാഅത്ത് പള്ളിയിൽ അന്ത്യവിശ്രമംകൊള്ളുന്ന പ്രമുഖ പണ്ഡിതരും സൂഫികളുമായിരുന്ന ശൈഖ് ഹിഷാം മുസ്‌ലിയാരുടെയും ശൈഖ് ചിയ്യാമു മുസ്‌ലിയാരുടെയും 115-ാമത് ആണ്ടുനേർച്ച സമാപിച്ചു.മൂന്നു ദിവസങ്ങളിലായി നടന്ന ആണ്ടുനേർച്ച കൂട്ടപ്രാർഥനയോടെയാണ് സമാപിച്ചത്. മഹല്ല് പ്രസിഡന്റ് എം.ടി. അബൂബക്കർ ഹാജി പതാക ഉയർത്തിയാണ് ആണ്ടുനേർച്ചയുടെ ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് എം.വി. ഇസ്‌മായിൽ മുസ്‌ലിയാർ കുമരനെല്ലൂർ പ്രാർഥന നിർവഹിച്ചു.സ്വലാത്ത് വാർഷികം സിദ്ദീഖ് മൗലവി അയിലക്കാടും ദിക്‌റ് ദുആ സമ്മേളനം സയ്യിദ് അൻവർ സാദത്ത് തങ്ങളും ഉദ്‌ഘാടനം ചെയ്തു. ആണ്ടുനേർച്ചയുടെ ആദ്യദിനം ‘നാഥൻ ശപിച്ച ലോകം’ എന്ന വിഷയത്തിൽ ഹാഫിള് അൻവർ മന്നാനി തൊടുപുഴയും സമാപനദിവസം ‘അന്ത്യയാത്രയ്ക്ക് ഒരുക്കം തുടങ്ങാം’ എന്ന വിഷയത്തിൽ അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവയും പ്രഭാഷണം നടത്തി. തുടർന്ന് സമാപന കൂട്ടപ്രാർഥനയ്ക്കും നേതൃത്വം നൽകി.മഹല്ല് ഖത്തീബ് അബൂത്വാഹിർ ബാഖവി, സെക്രട്ടറി വി.കെ. ശാഹുൽഹമീദ്, മുസ്‌തഫ ചന്ദനാത്ത്, സി.സി. അബൂബക്കർ, അഷ്‌റഫ് അൽഅമീൻ, അലിഹലാൽ തുടങ്ങിയവർ പ്രസംഗിച്ചു.