ചങ്ങരംകുളം : കാട്ടകാമ്പാൽ പഞ്ചായത്തിലെ വാവേക്കർ കോൾ ബണ്ട് തകർന്നു. താമര കോളിലെ അടക്കം 100 ഏക്കർ നെൽക്കൃഷി നശിച്ചു. നടീൽ കഴിഞ്ഞ പാടത്തേക്ക് ബണ്ട് തകർന്നു വെള്ളം കയറുകയായിരുന്നു. 60 ഏക്കറുള്ള വാവേക്കർ കോളിൽ വെള്ളം നിറഞ്ഞ് 40 ഏക്കറുള്ള താമര കോളിലേക്കും വെള്ളം കയറി.  വാവേക്കർ കോളിന്റെ ബണ്ടിൽ പലഭാഗത്തും വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ബണ്ട് പുനർനിർമിച്ച് കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. പമ്പിങ് ചാർജ് ഏക്കറിന് 7500 നൽകിയാണ് വെള്ളം വറ്റിച്ചത്.കൃഷിയിടം ഒരുക്കുന്നതിനും നടീലിനായി 25,000 രൂപ വേറെയും‍ ചെലവഴിച്ചിട്ടുണ്ട്.    മേഖലയിലെ കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഇൻഷുറൻസ് നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ബണ്ട് തകർന്നത് കർഷകർക്ക് തിരിച്ചടിയായി. കർഷകർക്കുണ്ടായ നഷ്ടം നൽകാൻ അധികൃതർ തയാറായില്ലെങ്കിൽ കടം വാങ്ങിയും പലിശയായി വാങ്ങിയും കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാകും. താമര കോൾ നിറഞ്ഞാൽ 600 ഏക്കർ വരുന്ന പഴഞ്ഞി കൂട്ടുകൃഷി പടവിലേക്കും വെള്ളം എത്തും. ഇത് തടയാനായി ബണ്ടിന്റെ പകുതി ഭാഗത്തെ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടുത്ത് ഉയരം കൂട്ടൽ ആരംഭിച്ചു. പഴഞ്ഞി കൂട്ടുകൃഷി പടവിൽ കഴിഞ്ഞ ദിവസം ബണ്ടിനു മുകളിലൂടെ പലഭാഗത്തും വെള്ളം കവിയാൻ തുടങ്ങിയതോടെ മണ്ണ് നിറച്ച ചാക്കുകൾ ഇട്ടു തടഞ്ഞിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *