എരമംഗലം : പൊന്നാനി ഇടതിന്റെ ഉരുക്കുകോട്ടയാണെന്ന് ഒരിക്കൽക്കൂടി വിളിച്ചോതിയുള്ള ബഹുജനറാലിയോടെ സി.പി.എം. പൊന്നാനി ഏരിയാ സമ്മേളനത്തിന് സമാപനം. തിങ്കളാഴ്ച പുറങ്ങ് കുണ്ടുകടവിൽനിന്നുള്ള റെഡ് വൊളന്റിയർ മാർച്ചും ബഹുജനമാർച്ചും കുണ്ടുകടവ്-ഗുരുവായൂർ സംസ്ഥാനപാതയെ ചെങ്കടലാക്കി.പൊതുസമ്മേളനം നടക്കുന്ന മാറഞ്ചേരി കരിങ്കല്ലത്താണി സീതാറാം യെച്ചൂരി നഗരിയിലേക്ക് ജില്ലാ-ഏരിയാ നേതാക്കൾ നേതൃത്വം നൽകുന്ന ബഹുജനമാർച്ച് പ്രവേശിച്ചിട്ടും കിലോമീറ്ററോളം നീളം റാലിയുടെ ഭാഗം റോഡിലായിരുന്നു.സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത്. ചർച്ചകൾക്ക് രണ്ടാം ദിവസം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, സംസ്ഥാനകമ്മിറ്റിയംഗം പി. നന്ദകുമാർ എം.എൽ.എ., ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ്‌കുഞ്ഞി എന്നിവർ മറുപടി നൽകി.തുടർന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റിയംഗമായിരിക്കെ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ റിയാസ് പഴഞ്ഞി ഉൾപ്പെടെ മൂന്നു പുതുമുഖങ്ങളടക്കം 20 അംഗ ഏരിയാ കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. അഡ്വ. എം.കെ. സുരേഷ്, പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ എന്നിവരാണ് മറ്റു പുതുമുഖങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങളെത്തുടർന്ന് ഏരിയാ കമ്മിറ്റിയിൽനിന്ന് രാജിവെച്ച പി.എം. ആറ്റുണ്ണി തങ്ങളും എൻ.കെ. സൈനുദ്ദീനും ഏരിയാ കമ്മിറ്റിയിൽ തിരിച്ചെത്തി. മുൻ ഏരിയാ കമ്മിറ്റിയംഗമായിരുന്ന യു.കെ. അബൂബക്കറും കമ്മിറ്റിയിൽ തിരിച്ചെത്തി.മുതിർന്ന അംഗമായ ഇ.ജി. നരേന്ദ്രൻ, പി.വി. അയ്യൂബ്, വി.പി. പ്രബീഷ് എന്നിവരാണ് ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവായത്. തുടർന്ന് നടന്ന ഏരിയാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ സി.പി. മുഹമ്മദ്‌കുഞ്ഞിയെ വീണ്ടും സെക്രട്ടറിയായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. മുഹമ്മദ്‌കുഞ്ഞിയുടെ രണ്ടാമൂഴമാണിത്. സി.പി.എം. പൊന്നാനി ഏരിയാ സമ്മേളന സമാപന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. നന്ദകുമാർ എം.എൽ.എ., ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ, അഡ്വ. ഇ. സിന്ധു, പ്രൊഫ. എം.എം. നാരായണൻ, സി.പി. മുഹമ്മദ്‌കുഞ്ഞി, ടി.എം. സിദ്ദീഖ്, സുരേഷ് കാക്കനാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച നാടൻദൃശ്യകലാമേള നടന്നു.