തിരൂരങ്ങാടി : പുഞ്ചക്കൃഷി തുടങ്ങിയതിനിടെ ശക്തമായ മഴ ലഭിച്ചതോടെ വൻതിരിച്ചടി നേരിട്ടതിന്റെ നിരാശയിലാണ് കർഷകർ.ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ വെഞ്ചാലി വയലിലെ ഏക്കറുകണക്കിന് വയലിലെ പുഞ്ചക്കൃഷിയാണ് ആശങ്കയിലായത്.നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിലും തിരൂരങ്ങാടി നഗരസഭയിലുമായി പരന്നുകിടക്കുന്നതാണ് വെഞ്ചാലി വയൽ.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് വെള്ളത്തിൽ മൂടിയ കൃഷിയിടങ്ങൾ പൂർണമായും ഇതുവരെ പൂർവസ്ഥിതിയിലായിട്ടില്ല. ഞാറ് നട്ട് ദിവസങ്ങൾക്കകമാണ് വയലുകൾ വെള്ളത്തിൽ മൂടിയത്.വിത്ത് മുളപ്പിച്ച് ഞാറ് തയ്യാറാക്കിയിരുന്ന വയലുകളിലും ദിവസങ്ങളോളം വെള്ളം മൂടിയതോടെ ഇതെല്ലാം നശിച്ചത് കർഷകർക്ക് വൻതിരിച്ചടിയായി.ബാങ്ക് വായ്പകളും മറ്റും ഉപയോഗപ്പെടുത്തിയാണ് വെഞ്ചാലിയിലെ കർഷകർ എല്ലാ വർഷവും കൃഷിയിറക്കാറുള്ളത്.ഇത്തവണ കൃഷിയിറക്കിയ വയലുകളിൽ വെള്ളം പൂർണമായും ഇറങ്ങി വീണ്ടും കൃഷിയിറക്കി വിളവെടുക്കുന്നത് ഏറെ വൈകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.സമയം വൈകുന്നതോടെ ശക്തമായ വേനലിൽ ജലത്തിന്റെ ലഭ്യതയും വെഞ്ചാലി വയലിനെ ദോഷകരമായി ബാധിക്കും.കൊയ്ത്തിന് മുൻപ് മഴ നേരത്തേ എത്തിയാലും കൃഷിയിടങ്ങളിൽ നഷ്ടക്കണക്കുകൾ വർധിക്കും.കൃഷിയിടങ്ങളിൽ സൗകര്യങ്ങളൊരുക്കണം.പുഞ്ചക്കൃഷി തുടങ്ങിയ വയലുകളിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കർഷകർക്ക്് നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടികളൊരുക്കണം. വയലുകളിൽ അധികമായെത്തുന്ന വെള്ളം വേഗത്തിൽ കടലുണ്ടിപ്പുഴയിലേക്ക്് ഒഴുകിപ്പോകാനുള്ള തടസ്സങ്ങൾ സമയബന്ധിതമായി നീക്കാത്തത് കൃഷിയിടങ്ങളിലെ നഷ്ടങ്ങലുടെ തോത് വർധിപ്പിക്കുന്നുണ്ട്.ഓൾഡ് കട്ട്, കീരനല്ലൂർ ന്യൂക്കട്ട്, പാറയിൽ തടയണ, മണ്ണട്ടാംപാറ ഷട്ടർ തുടങ്ങിയവയുടെ പ്രവർത്തനം മെക്കാനിക്കൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന് അടിയന്തര നടപടികളുണ്ടാകണം. വേനലിൽ വെള്ളം തടഞ്ഞുനിർത്തുക, കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഷട്ടറുകൾ അടയ്ക്കാനും തുറക്കാനും നൂതന സംവിധാനങ്ങൾ ഇല്ലാത്തത് കൃഷിയിടങ്ങൾ നേരിടുന്ന വലിയ ഭീഷണിയാണ്.കീരനല്ലൂർ ന്യൂക്കട്ട്് തടയണയിൽ റെഗുലേറ്റർ സ്ഥാപിക്കാൻ പദ്ധതിയൊരുക്കണം. വെഞ്ചാലി വി.സി.ബി. മരപ്പലകൾ ഉപയോഗിച്ച് കർഷകരുടെ നേതൃത്വത്തിൽ എല്ലാ വർഷങ്ങളിലും അടയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന് ഭീമമായ സംഖ്യയും ചെലവാകുന്നുണ്ട്്. കൃഷിയിടങ്ങളിലെ ആവശ്യങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങളുണ്ടാക്കാനും കർഷകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് സ്ഥിരംസംവിധാനമൊരുക്കണം.

അരീക്കാട്ട് മരക്കാരുട്ടി, കൺവീനർ, ചെറുമുക്ക് പാടശേഖരസമിതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *