എടപ്പാൾ : നൂറുകണക്കിന് ആളുകളും ഒട്ടേറെ വാഹനങ്ങളും കടന്നുപോകുന്ന പൂക്കരത്തറ-കോലൊളമ്പ് റോഡിനോടുള്ള അധികാരികളുടെ അനാസ്ഥയ്ക്കെതിരേ മാതൃകാ പ്രതിഷേധവുമായി നാട്ടുകാർ. പലവട്ടം നടത്തിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെല്ലാം പുല്ലുവില കൽപ്പിച്ച അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് അഞ്ചുലക്ഷത്തോളം രൂപ പിരിച്ചുണ്ടാക്കി റോഡിന്റെ തകർച്ച സ്വയം പരിഹരിച്ചാണ് നാട്ടുകാർ പ്രശ്‌നത്തിന് പരിഹാരം കണ്ടത്.എടപ്പാൾ പഞ്ചായത്തിലെ പൂക്കരത്തറ മുതൽ കോലൊളമ്പ് വരെ പോകുന്ന നാലുകിലോമീറ്ററോളം ദൂരമുള്ള ഈ റോഡ് പരിപൂർണമായി തകർന്നിട്ട് നാലുവർഷമായി. പൂക്കരത്തറ, കോലൊളമ്പ്, വൈദ്യർമൂല എന്നിവിടങ്ങളിലുള്ള നൂറുകണക്കിന് വീട്ടുകാർ സഞ്ചരിക്കുന്ന ഈ റോഡിലൂടെ 12 ബസ് സർവീസുകളും 30 സ്‌കൂൾ ബസുകളും പ്രതിദിനം പോകുന്നുണ്ട്. പൂക്കരത്തറ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾക്കും റോഡിന്റെ തകർച്ച വലിയ നഷ്ടമാണുണ്ടാക്കിയിരുന്നത്. പൂക്കരത്തറ ദാറുൽഹിദായ ഹയർസെക്കൻഡറി സ്‌കൂൾ, എൽ.പി. സ്‌കൂൾ, അക്ഷയ സെന്റർ, തളി ശിവക്ഷേത്രം എന്നിവിടങ്ങളിലേക്കെല്ലാമുള്ള പാതയാണിത്. നേരത്തേ ജനകീയ കമ്മിറ്റി നാട്ടുകാരിൽനിന്ന് ഭൂമി ഏറ്റെടുത്താണ് റോഡ് വീതികൂട്ടിയത്. ഇതുസംബന്ധിച്ചുണ്ടായ പല കേസുകളും പ്രശ്‌നങ്ങളും ഇപ്പോഴും തീരാതെ കിടക്കുന്നുണ്ട്. മഴപെയ്താൽ പലയിടത്തും വെള്ളക്കെട്ടായിരുന്നു. ടാറിങ് തകർന്ന് മെറ്റലടക്കം ഇളകിപ്പോയ റോഡിന്റെ അവസ്ഥയ്ക്കെതിരേ രാഷ്ട്രീയപ്രസ്ഥാനങ്ങളും സമരങ്ങൾ നടത്തി. ബജറ്റിൽ രണ്ടുവർഷം മുൻപ് നാലുകോടി രൂപ വകയിരുത്തിയെന്നു പറഞ്ഞിരുന്നെങ്കിലും റോഡ് നന്നാക്കാൻ നടപടിയൊന്നുമുണ്ടാകാത്തതിനെ തുടർന്നാണ് ഗോൾഡൻ മൊയ്തുണ്ണി, സി.പി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിച്ച് റോഡിലെ വലിയ കുഴികളെല്ലാം ടാർചെയ്തത്.