തിരൂർ: എം.ടി.വാസുദേവൻ നായരുടെ വിടവാങ്ങൽ തുഞ്ചൻപറമ്പിനെ ശരിക്കും അനാഥമാക്കിയിട്ടുണ്ട്. പതിവിൽനിന്നു വിപരീതമായി എഴുത്തച്ഛന്റെ സ്മാരകത്തിലെങ്ങും മൂകാന്തരീക്ഷമാണ്. പലരും വന്നുപോകുന്നുണ്ട്. കോഴിക്കോട്ട് ‘സിതാര’യിലെത്തി എംടിയെ അവസാന നോക്കു കാണാൻ സാധിക്കാത്തവർ ഇവിടെയെത്തി അദ്ദേഹത്തെ മനസ്സാൽ സ്മരിക്കുന്നു. പലരുടെയും ചർച്ച തുഞ്ചൻപറമ്പിന്റെ ഭാവിയെന്ത് എന്നു തന്നെയാണ്.എംടിയെന്ന അതികായന്റെ ചുമലിലേറി വളർന്നതാണു തുഞ്ചൻപറമ്പ്. 3 ദശാബ്ദമാണ് അദ്ദേഹം തുഞ്ചൻപറമ്പിനെ നയിച്ചത്. ‌ 1992ൽ അന്നത്തെ സർക്കാരാണ് അദ്ദേഹത്തെ നിയമിച്ചത്. 2001ൽ നടത്തിപ്പിനായി ട്രസ്റ്റ് രൂപീകരിച്ചു. അന്നുതൊട്ട് എംടി തന്നെയായിരുന്നു ചെയർമാൻ. സർക്കാരുകൾ മാറിമാറി വന്നപ്പോഴും തുഞ്ചൻ സ്മാരക ട്രസ്റ്റിന് ഒരു മാറ്റവുമുണ്ടായില്ല. ഇനിയെന്താകും? ഇനി നയിക്കാൻ ആരെ നിയോഗിക്കും? സർക്കാരിനു മുന്നിൽ ഇതൊരു വലിയ ചോദ്യചിഹ്നമാകുമെന്ന് ഉറപ്പാണ്. എംടിയോളം തലപ്പൊക്കമുള്ള ഒരാളെ കണ്ടെത്താൻ സർക്കാരിനു സാധിക്കുമോ എന്നതാണു തിരൂരിൽ ഉയരുന്ന പ്രധാന ചോദ്യം. എംടി അടക്കം 19 പേരാണു ട്രസ്റ്റിലുള്ളത്. പി.നന്ദകുമാർ എംഎൽഎ ആണ് സെക്രട്ടറി. പി.കൃഷ്ണൻകുട്ടി, ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ.ഗോപി, സി.ഹരിദാസ്, മണമ്പൂർ രാജൻബാബു, വൈശാഖൻ, എം.എൻ.കാരശ്ശേരി, എം.ആർ.രാഘവ വാരിയർ, എം.എം.ബഷീർ, അനിൽ വള്ളത്തോൾ, കെ.മുരളീധരൻ, ടി.ഡി.രാമകൃഷ്ണൻ, എം.വിക്രമകുമാർ, എംഎൽഎ, തിരൂർ നഗരസഭാധ്യക്ഷ, കലക്ടർ, നഗരസഭാ സെക്രട്ടറി എന്നിവരാണു ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ.

അനുസ്മരണം: ചർച്ച തുടങ്ങി
∙ തുഞ്ചൻപറമ്പിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തും. ഇതിനുള്ള തയാറെ‍ടുപ്പിലാണ് തുഞ്ചൻ സ്മാരക ട്രസ്റ്റ്. ജനുവരി ഒന്നിന് അനുസ്മരണം നടത്താനുള്ള ആലോചനയുണ്ട്. ഇതിനായുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

13 വർഷം സൂക്ഷിച്ചുവച്ചു; ഇന്നലെ പുറംലോകം കണ്ട് ഛായാചിത്രം
തിരൂർ ∙ ‘ഇപ്പോഴത് ഇവിടെ വയ്ക്കേണ്ട, സൂക്ഷിച്ചുവച്ചോളൂ’ – എംടി പറഞ്ഞതനുസരിച്ച് 13 വർഷം സൂക്ഷിച്ചുവച്ച അദ്ദേഹത്തിന്റെ പൂർണ ഛായാചിത്രം ഇന്നലെ ആദ്യമായി തുഞ്ചൻപറമ്പിൽ പുറത്തെടുത്തു പ്രദർശിപ്പിച്ചു. തിരൂർ അന്നാര സ്വദേശിയായ ടി.സലാഹുദ്ദീൻ 2011ൽ വരച്ച് എംടിക്കു സമ്മാനിച്ചതാണ് അദ്ദേഹത്തിന്റെ പൂർണകായ ഛായാചിത്രം.   അന്നതു വാങ്ങിയെങ്കിലും ഇത് സൂക്ഷിച്ചുവയ്ക്കാനാണ് അദ്ദേഹം തുഞ്ചൻപറമ്പിലെ ജീവനക്കാർക്കു നിർദേശം നൽകിയിരുന്നത്. അന്നു പൊതിഞ്ഞു സൂക്ഷിച്ച ഈ ചിത്രം ഇന്നലെ രാവിലെ മുതൽ കൃഷ്ണശിലാ മണ്ഡപത്തിനു സമീപം പ്രദർശിപ്പിച്ചു.ജലച്ചായത്തിലാണ് ഇതു തയാറാക്കിയിരുന്നത്. മുഖത്തെ ഗൗരവവും കണ്ണടയും പോക്കറ്റിലെ പേനയും കയ്യിലെ വാച്ചും മറുകയ്യിലെ ചെറിയ മൊബൈൽ ഫോണും അടിയിലെ ബട്ടണുകളിടാത്ത ഷർട്ടും മുണ്ടുയർത്തി പിടിച്ചുള്ള നടത്തവുമെല്ലാം ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലം കൃഷ്ണശിലാ മണ്ഡപമാണ്.

7 അടിയോളം ഉയരമുള്ള ചിത്രം തയാറാക്കാൻ വലിയ ചെലവു വന്നിരുന്നു. ഇതിനു സലാഹുദ്ദീനെ സഹായിച്ചതു തിരൂരിലെ മുതിർന്ന ഡോക്ടർ പി.ആലിക്കുട്ടിയാണ്. ഇന്നലെ തുഞ്ചൻപറമ്പിലെത്തിയവരെല്ലാം ഈ ചിത്രത്തിനു മുന്നിലെത്തി ഏറെ നേരം നോക്കി നിന്നു. പലരും ചിത്രത്തിനൊപ്പംനിന്നു ഫോട്ടോ എടുത്തു. ഇനി ഈ ചിത്രം തുഞ്ചൻപറമ്പിൽ സ്ഥിരമായി പ്രദർശിപ്പിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. ഇതു പോലെ തന്നെയാണു തുഞ്ചൻപറമ്പിൽ എംടി കോർണർ സ്ഥാപിക്കുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനവും അദ്ദേഹം സ്നേഹപൂർവം നിരാകരിച്ചത്. കഴിഞ്ഞ വർഷം നടത്തിയ സാദരം എംടി പരിപാടിക്കും ആദ്യം അദ്ദേഹം സമ്മതിച്ചിരുന്നില്ല. പിന്നീട് ട്രസ്റ്റ് അംഗങ്ങളുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *