തിരൂർ : ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ചയിൽ പതിവുതെറ്റിക്കാതെ ഈ വർഷവും മുട്ടുവിളിയും ഉയർന്നുകേട്ടു.പാലക്കാട് ജില്ലയിലെ വിളയൂരിലെ കലകപ്പാറ സൈനുദ്ദീന് (കുഞ്ഞാപ്പ) 68 വയസ്സായി. 15-ാം വയസ്സിൽ ബി.പി. അങ്ങാടി നേർച്ചയ്ക്ക് പിതാവ് പരേതനായ മുഹമ്മദിനൊപ്പം പത്താംവയസ്സിൽ ചീനിമുട്ടിന് സൈനുദ്ദീൻ ബി.പി. അങ്ങാടിയിലെത്തിയിരുന്നു. ഇത് 53-ാം വർഷമാണ് തുടർച്ചയായി ഇദ്ദേഹം മുട്ടുംവിളിയുമായി ഇവിടെയെത്തുന്നത്. അതേപോലെ അങ്ങാടിപ്പുറം സ്വദേശി നാസർ 51 വർഷമായി ചീനിമുട്ടുമായി ഇവിടെയെത്തുന്നുണ്ട്.
പരിയാപുരം സ്വദേശി ബാപ്പുകടുങ്ങപുരം സ്വദേശി സെയ്തലവി, അങ്ങാടിപ്പുറം സ്വദേശി മുത്തു എന്നിവർ ഇക്കുറി ചീനിമുട്ടു സംഘത്തിലുണ്ട്. നേർച്ചത്തീയതി കുറിക്കുന്ന ദിവസം ചീനിമുട്ടുസംഘം ബി.പി. അങ്ങാടി ജാറത്തിലെത്തും നേർച്ച ആഘോഷകമ്മിറ്റി നേർച്ചയുടെ തീയതി പ്രഖ്യാപിച്ചാൽ ചീനിമുട്ടുസംഘം ഒരു നേർച്ചക്കൊടിയുമായി നേർച്ച വിളംബരംചെയ്യും. ചെറിയ കൊടിയേറ്റദിവസം ഇവർ വീണ്ടുമെത്തുമ്പോൾ വിശ്വാസ് തിയേറ്റർ പരിസരത്തുനിന്ന് ആചാരപ്രകാരമാണ് ഇവരെ നേർച്ച ആഘോഷകമ്മിറ്റി ഭാരവാഹികൾ ജാറത്തിലേക്ക് ആനയിക്കുക. ചെറിയ കൊടിയേറ്റ ദിനമായ ഞായറാഴ്ച രാവിലെ ചീനിമുട്ടുസംഘത്തെ പതിവുപോലെ നേർച്ചകമ്മിറ്റി ഭാരവാഹികൾ ജാറത്തിലേക്ക് വരവേറ്റു.
തുടർന്ന് കൊടിയേറ്റ സ്ഥലത്ത് ഇവരുടെ മുട്ടുംവിളിയും ഉണ്ടായിരുന്നു. പിതാവിന്റെ പാത പിന്തുടർന്നാണ് ഒരു നിയോഗംപോലെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായ ജാറത്തിലെത്തുന്നതെന്നും മരണംവരെ ഇത് തുടരുമെന്നും ചീനി മുട്ടുസംഘത്തിന് നേതൃത്വം നൽകുന്ന സൈനുദ്ദീൻ പറഞ്ഞു. ചീനിമുട്ടുസംഘം നേർച്ച കഴിയുവരെ ബി.പി. അങ്ങാടിയിലുണ്ടാകും.