എടപ്പാൾ : കുറ്റിപ്പാല മാതാ അമൃതാനന്ദമയീമഠത്തിലെ അഞ്ചാമത് പൊങ്കാല ഉത്സവം പത്തിന് നടക്കും. ഉത്സവത്തിന്റെ കൊടിയേറ്റം വേദപണ്ഡിതൻ ഡോ. നാറാസ് ഇട്ടിരവി നമ്പൂതിരി നിർവഹിച്ചു.ബുധനാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ അഖണ്ഡനാമയജ്ഞം. പത്തിന് ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണയുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കൽ നടക്കും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കാർത്തികപൂജയോടെ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി കോട്ടയ്ക്കൽ കഥകളിസംഘത്തിന്റെ കീചകവധം കഥകളി നടക്കും. വെള്ളിയാഴ്ച പൊങ്കാലദിനത്തിൽ രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, പൊങ്കാല വിശേഷാൽ പൂജ, ഭദ്രദീപ പ്രതിഷ്ഠ, പണ്ടാര അടുപ്പിലേക്ക് അഗ്നി പകരൽ, പൊങ്കാല സമർപ്പണം എന്നിവ നടക്കും.
തുടർന്ന് സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ അനുഗ്രഹപ്രഭാഷണം, ഭജന, പ്രസാദഊട്ട് എന്നിവയോടെ പരിപാടികൾ സമാപിക്കുമെന്ന് മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണ, സത്സംഗ സമിതി അംഗങ്ങളായ ചന്ദ്രൻ ചാലിശ്ശേരി, ദിനേശൻ ചങ്ങരംകുളം, ഉണ്ണികൃഷ്ണൻ പട്ടാമ്പി, കരുണൻ ചങ്ങരംകുളം എന്നിവർ അറിയിച്ചു.