എരമംഗലം : മനുഷ്യമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ പൊതുസമൂഹത്തിൽ വർഗീയത ഇല്ലാതാക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പോലെയുള്ള പ്രാദേശിക കൂട്ടായ്‌മകൾ ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തമിഴ്‌നാട് നിയമസഭാ അംഗവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗവുമായ ഹസ്സൻ മൗലാനാ എം.എൽ.എ. പറഞ്ഞു.
മാറഞ്ചേരി സത്‌കാര ഓഡിറ്റോറിയത്തിൽ പൊന്നാനി വേൾഡ് കൾച്ചറൽ ഫൗണ്ടേഷൻ 17-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പതിനൊന്നാംഘട്ട സ്ത്രീധനരഹിത വിവാഹസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാഗതസംഘം ചെയർമാൻ അബൂബക്കർ മഠപ്പാട്ട് അധ്യക്ഷനായി. സ്‌ത്രീധനരഹിത വിവാഹത്തിന്റെ ഭാഗമായി നാല് നവദമ്പതിമാർ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. 11 -ഘട്ടങ്ങളിലായി പി.സി.ഡബ്ല്യു.എഫ്. നടത്തിയ സ്ത്രീധനരഹിത വിവാഹത്തിലൂടെ 192 -പേരാണ് പുതുജീവിതത്തിലേക്ക് കടന്നത്.
മുസ്‌ലിം ആചാരപ്രകാരമുള്ള വിവാഹത്തിന് പൊന്നാനി മഖ്‌ദൂം എം.പി. മുത്തുകോയ തങ്ങളും ഹൈന്ദവാചാര പ്രകാരമുള്ള വിവാഹത്തിന് നരിപ്പറമ്പ് മനയ്ക്കൽ വാസുദേവൻ നമ്പൂതിരിയും നേതൃത്വംനൽകി. പി. നന്ദകുമാർ എം.എൽ.എ. മുഖ്യാതിഥിയായി.കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നവദമ്പതികൾക്ക് ഉപഹാര സമർപ്പണം നടത്തി. മുൻ എം.പി. സി. ഹരിദാസ്, പഞ്ചായത്ത് അധ്യക്ഷരായ കല്ലാട്ടേൽ ഷംസു, പി. ബീന, സി.വി. സുബൈദ, പി.സി.ഡബ്ല്യു.എഫ്. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സി. എസ്. പൊന്നാനി, കെ.ജി. ബാബു, ടി.വി. അബ്ദുൽ അസീസ്, എ.കെ. സുബൈർ, കെ.പി. നൗഷാദ് അലി, അഡ്വ. പി.കെ. ഖലീമുദ്ദീൻ, രവി തേലത്ത്, അടാട്ട് വാസുദേവൻ, പ്രൊഫ. വി.കെ. ബേബി, ഡോ. അബ്ദുറഹിമാൻകുട്ടി, സി.പി. മുഹമ്മദ് കുഞ്ഞി, പി.പി. യൂസുഫലി, വി. ഇസ്‌മായിൽ, മുഹമ്മദ് പൊന്നാനി, വത്സല അന്തർജനം തുടങ്ങിയവർ പ്രസംഗിച്ചു.
സാംസ്കാരിക സമ്മേളനം പി.പി. സുനീർ എം.പി. ഉദ്‌ഘാടനംചെയ്തു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്തവിധം സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസമേഖലയിൽ ഉന്നതിയിൽ എത്തിനിൽക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും, വളരെയേറെ സ്വതന്ത്രത്തോടെ ഏതൊരു വ്യക്തിക്കും സംഘടനക്കും പ്രവർത്തിക്കാനാവുന്നതും കേരളത്തിൽ മാത്രമാണന്നും അദ്ദേഹം പറഞ്ഞു.സാമൂഹികസേവന പ്രതിഭാപുരസ്കാരം അഷ്‌റഫ് പൂച്ചാമത്തിന് പി.പി. സുനീർ എം.പി. കൈമാറി. അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി.വനിതാദശവാർഷിക സംഗമം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സിന്ധു ഉദ്‌ഘാടനംചെയ്തു.ടി. മുനീറ അധ്യക്ഷയായി. സ്വാശ്രയ തയ്യൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണംനടന്നു.