തിരൂർ : മൂന്ന് ദിവസത്തെ ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ച പരമ്പരാഗത കമ്പം കത്തിക്കൽ ചടങ്ങോടെ സമാപിച്ചു.വാക്കാട് നിന്നുള്ള ചാപ്പക്കാരുടെ വരവ് ബുധനാഴ്ച രാവിലെ ജാറത്തിലെത്തിയതോടെയാണ് കമ്പത്തിന് തീ കൊടുത്തത്.ബുധനാഴ്ച പുലർച്ചെയാണ് ചാപ്പക്കാരുടെ വരവ് വാക്കാട്ടുനിന്ന് പുറപ്പെട്ടത്. ബി.പി. അങ്ങാടി ജാറത്തിന് മുൻപിൽവെച്ച് പോത്തന്നൂർ പൗരസമിതിയുടെ പെട്ടിവരവിലെ ആന ഇടഞ്ഞതിന്റെ പശ്ചാത്തലത്തിൽ വരവുകളിൽ ആനയെ എഴുന്നള്ളിക്കുന്നത് സബ് കളക്ടർ ദിലീപ് കെ. കൈനിക്കര വിലക്കി.
പുലർച്ചെ അഞ്ചരയോടെ വടക്കേ അങ്ങാടിയിൽനിന്ന് നേർച്ചകമ്മിറ്റി ഭാരവാഹികൾ ചാപ്പക്കാരുടെ വരവിനെ സ്വീകരിച്ച് വാദ്യമേളങ്ങളോടെ ജാറത്തിന് മുൻപിലേക്ക് ആനയിച്ചു. ജാറത്തിന് മുൻപിലെത്തിയതോടെ കമ്പത്തിന് തീ കൊടുക്കുകയായിരുന്നു.
പെട്ടിവരവുകളിലും ചാപ്പക്കാരുടെ വരവിലുമുള്ള ആനകൾ കമ്പം കത്തിക്കുമ്പോൾ ജാറത്തിന് മുൻപിൽ അണിനിരക്കുകയും കമ്പം കത്തിച്ചാൽ ജാറത്തിന് മുൻപിൽ തുമ്പിക്കൈ ഉയർത്തി തിരികെ പോകുകയുമായിരുന്നു ഇക്കുറി വിലക്കുകാരണം ആനകൾ കമ്പം കത്തിക്കൽ ചടങ്ങിനെത്തിയിരുന്നില്ല.തിരൂർ ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ, തിരൂർ പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനീഷ് എന്നിവരുടെ നേതൃത്വത്തിൽ കമ്പം കത്തിക്കൽ ചടങ്ങിന് വൻ സുരക്ഷ ഒരുക്കിയിരുന്നു.