എടപ്പാൾ : കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ഹോസ്റ്റൽ അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി. തുടർച്ചയായി രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ചാംപ്യന്മാരായ ഐഡിയൽ സ്കൂളിനെ അനുമോദിക്കുന്നതിന് മലയാള മനോരമ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘നിലവിൽ അൺ എയ്ഡഡ് സ്കൂളുകൾക്ക് സ്പോർട്സ് ഹോസ്റ്റലുകൾ അനുവദിക്കാൻ സ്പോർട്സ് കൗൺസിലിന് അനുവാദമില്ല. എങ്കിലും കായികരംഗത്ത് ഐഡിയൽ പുലർത്തുന്ന മികവും സ്ഥിരതയും പരിഗണിച്ച് അവർ ആവശ്യപ്പെടുകയാണെങ്കിൽ നിയമം മാറ്റിയിട്ടായാലും സ്പോർട്സ് ഹോസ്റ്റൽ അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കും.’ അദ്ദേഹം പറഞ്ഞു.
കായികതാരങ്ങളെയും പരിശീലകരെയും ബാൻഡ് മേളത്തോടെ ആനയിച്ചതിനു ശേഷമായിരുന്നു ഐഡിയൽ ക്യാംപസിൽ മനോരമയുടെ അനുമോദനച്ചടങ്ങ്. ഐഡിയൽ സ്കൂളിനുള്ള ഉപഹാരം യു.ഷറഫലിയും മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോണും ചേർന്ന് ഐഡിയൽ മാനേജർ മജീദ് ഐഡിയലിനു സമ്മാനിച്ചു. ഐഡിയൽ കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, അസിസ്റ്റന്റ് കോച്ച് കെ.ആർ.സുജിത് എന്നിവർക്കുള്ള ആദരവും ചടങ്ങിൽ കൈമാറി.
5 സ്വർണവും 7 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 57 പോയിന്റ് നേടിയാണ് കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ചാംപ്യന്മാരായത്. കഴിഞ്ഞവർഷം (2022) ആയിരുന്നു കിരീടത്തുടക്കം. അന്നു നേടിയത് 66 പോയിന്റ്. കഴിഞ്ഞ രണ്ടുവർഷവും സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മലപ്പുറം ജില്ല രണ്ടാം സ്ഥാനം നേടിയതിനു പിന്നിലെ പ്രധാന കരുത്തും ഐഡിയൽ സ്കൂളായിരുന്നു.
വിവിധ ദേശീയ മീറ്റുകളിൽ കേരളത്തിനു വേണ്ടി മെഡലുകൾ നേടിയ 80 താരങ്ങളെയെങ്കിലും ഐഡിയൽ ഇതിനകം സംഭാവന ചെയ്തുകഴിഞ്ഞിട്ടുണ്ട്. അത്‌ലറ്റിക്സിൽ മാത്രമല്ല തായ്ക്വാൻഡോ, കരാട്ടെ, സ്കേറ്റിങ്, ഫുട്ബോൾ, വോളിബോൾ, യോഗ, നീന്തൽ തുടങ്ങിയ ഇനങ്ങളിലും പുതിയ താരങ്ങളെ ഐഡിയൽ വാർത്തെടുക്കുന്നു.
അനുമോദനച്ചടങ്ങിൽ മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ, ഐഡിയൽ സീനിയർ പ്രിൻസിപ്പൽ എഫ്.ഫിറോസ്, പ്രിൻസിപ്പൽ സെന്തിൽ കുമരൻ, ഐഡിയൽ കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വിയർത്തോടിയവർക്ക് അഭിനന്ദനത്തിന്റെകുളിർത്തെന്നൽ
വിയർത്തു നേടിയ കിരീടനേട്ടത്തിന് കുളിർത്തെന്നൽ പോലെ ഒരു അനുമോദനം. സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ തുടർച്ചയായി രണ്ടാംതവണയും ചാംപ്യന്മാരായ ഐഡിയൽ കടകശ്ശേരിക്ക് മലയാള മനോരമ നൽകിയ അനുമോദനത്തെ വേണമെങ്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
കടകശ്ശേരി ഐഡിയൽ ക്യാംപസിൽ തണൽമരങ്ങൾക്കിടയിലൂടെ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് കായികരംഗത്തെ സൂപ്പർ ഹീറോസിനെ അനുമോദനവേദിയിലേക്കാനയിച്ചത്. മുപ്പത്തഞ്ചിലധികം വരുന്ന മെഡൽനേട്ടക്കാർ, അവർക്ക് കരുത്തും ആത്മവിശ്വാസവും നൽകിയ പരിശീലകർ, ഐഡിയലിന്റെ പ്രിയപ്പെട്ട അധ്യാപകർ എന്നിങ്ങനെ എല്ലാവർക്കും നിറഞ്ഞ ചിരികൊണ്ട് അഭിനന്ദനത്തിന്റെ ബാറ്റൺ കൈമാറുകയായിരുന്നു സദസ്സ്.
രാവിലെ പത്തേമുക്കാലോടെ ചടങ്ങു തുടങ്ങി. കായികരംഗത്ത് അഭിമാനമായ ഐഡിയലുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ മാത്രമല്ല ഒരു കായികതാരമെന്ന നിലയിലും എന്തു സഹകരണത്തിനു തയാറാണെന്നായിരുന്നു ഉദ്ഘാടകനായ യു.ഷറഫലി പറഞ്ഞത്. പിന്നീട് സ്കൂളിനുള്ള മലയാള മനോരമയുടെ ഉപഹാര സമർപ്പണമായിരുന്നു.
ഇത്തവണ സംസ്ഥാന തലത്തിൽ കിരീടം നേടിയ ടീമിന്റെ ഫോട്ടോയും ടീമിനെ അനുമോദിച്ച് ഐ.എം.വിജയൻ, യു.ഷറഫലി, ഷൈനി വിൽസൻ, അഞ്ജു ബോബി ജോർജ്, പ്രീജ ശ്രീധരൻ, കെ.പി.തോമസ്, പി.ഐ.ബാബു എന്നിവർ കയ്യൊപ്പു ചാർത്തിയ ചിത്രങ്ങളും അടങ്ങിയ ഉപഹാരമായിരുന്നു സ്കൂളിന് നൽകിയത്. സദസ്സിലുണ്ടായിരുന്ന കായികതാരങ്ങളെയെല്ലാം മനോരമ നൽകിയ ഉപഹാരത്തിലും കാണാമായിരുന്നു.
മനോരമ നൽകിയ ഉപഹാരത്തിൽ തങ്ങളുടെ മുഖം കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു അനുമോദനച്ചടങ്ങിനു ശേഷം കായികതാരങ്ങളെല്ലാം. ‘ഇതു ഞാൻ, ഇതു ഞാൻ’ എന്നു പറഞ്ഞ് ഉപഹാരത്തിൽ തങ്ങളുടെ മുഖം അവർ തൊട്ടുകാണിച്ചു. സംസ്ഥാനത്തിന്റെ കായികചരിത്രത്തിൽ മലപ്പുറത്തെ അടയാളപ്പെടുത്തിയ ടീമിന് എന്നെന്നും ഓർമിക്കാൻ പറ്റിയ ഈ ചിത്രം ഇനിയെന്നും ഐഡിയലിന്റെ അഭിമാനച്ചുമരിനെ അലങ്കരിക്കും. ഇനി വരാനിരിക്കുന്ന നേട്ടങ്ങളിലേക്ക് വഴികാട്ടും.
ഈ വിജയം കഠിനാധ്വാനത്തിന്റെ ഫലം
‘2007ൽ ആണ് ഐഡിയലിൽ കായിക പരിശീലന പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തിൽ 7 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടക്കക്കാലത്ത് വലിയ ചാംപ്യൻഷിപ്പുകൾ ഞങ്ങൾക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല. 2010ന് ശേഷം ജില്ലയിലെ ചാംപ്യൻ ടീമായി ഐഡിയൽ മാറി. കോവിഡ് കാലഘട്ടത്തിനുശേഷം കഴിഞ്ഞ വർഷമാണ് ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ചാംപ്യന്മാരാകുന്നത്. കൂടാതെ നമ്മുടെ ജില്ല സംസ്ഥാനത്ത് പാലക്കാടിനു പിന്നിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഇത് മലപ്പുറം ജില്ലയുടെ കായികചരിത്രത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കമിടുന്നതായിരുന്നു.