തിരൂർ : ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ മെഷീനും ലിഫ്റ്റും ഫ്രീസറും പ്രവർത്തിപ്പിക്കാത്തതിനെതിരേ നിവേദനവുമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആശുപത്രി സൂപ്രണ്ട് ഡോ. ശെൽവരാജിനെ ഓഫീസിൽ ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ. തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് തുടങ്ങിയ ഉപരോധം രേഖാമൂലം നടപടിയെടുക്കാമെന്ന് സൂപ്രണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കൾക്ക് കത്തെഴുതി നൽകിയതോടെ മൂന്നു മണിയോടെ അവസാനിപ്പിച്ചു.

മുദ്രാവാക്യം വിളിച്ചായിരുന്നു ഉപരോധം. ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചില്ല. രണ്ടു സെക്യൂരിറ്റി ജീവനക്കാർ വിവരമറിഞ്ഞ് മുറിയിലെത്തിയെങ്കിലും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തിരിച്ചയച്ചു. എക്സറേ മെഷീൻ തകരാറിലായി മാസങ്ങളായിട്ടും പരിഹാരം കാണാത്തതിലായിരുന്നു പ്രധാന പ്രതിഷേധം. എക്‌സറേ യൂണിറ്റ് എന്നു പ്രവർത്തനം തുടങ്ങുമെന്ന് എഴുതി നൽകണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

പുതിയ എക്സറേ മെഷീൻ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായി സൂപ്രണ്ട് അറിയിച്ചെങ്കിലും പ്രവർത്തകർ അംഗീകരിച്ചില്ല. പ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും മറുപടിനൽകാൻ സൂപ്രണ്ടിന് കഴിഞ്ഞില്ല. ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തനംനിലച്ച് കിടക്കുന്നതും സമരക്കാർ ഉന്നയിച്ചു. സ്പെഷ്യാലിറ്റി വകുപ്പുകളിൽ ഒ.പി.യിൽ പരിശോധിക്കുന്ന രോഗികളുടെ എണ്ണം ഡോക്ടർമാരുടെ സൗകര്യത്തിന് വെട്ടിക്കുറച്ചതും സമരക്കാർ ചോദ്യംചെയ്തു. മോർച്ചറിയിലെ ഫ്രീസറിന്റെ തകരാറ് പരിഹരിക്കാത്തതും സമരക്കാരുടെ പ്രതിഷേധത്തിനിടയാക്കി.സ്വകാര്യ എക്സറേ ലാബുകളെ സഹായിക്കുകയാണെന്ന് ഇവർ ആരോപിച്ചു. ഒടുവിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സൂപ്രണ്ട് രേഖാമൂലം ഉറപ്പുനൽകി.സമരത്തിന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പി. സുമിത്ത്, പ്രസിഡൻറ്‌ കെ. നൗഫൽ, ട്രഷറർ വി. പ്രജോഷ്, സുമിൽ, ഷറഫുദ്ദീൻ എന്നിവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *