തിരൂർ : വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി കമ്മ്യൂണിസത്തിനില്ലെന്നും കമ്മ്യൂണിസത്തിന് മാനവികത സ്വപ്നം കാണാൻ കഴിയില്ലെന്നു ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഭാരതത്തിലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള കരുത്ത് സനാതന ധർമ്മത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ‘1924 -ലെ ആലുവ സർവമത സമ്മേളനം – ആനുകാലിക പ്രസക്തി’ എന്ന വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇന്നും സംസ്ഥാനത്ത് മതവൈരം സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ മലയാളികളോട് സംവദിക്കുകയും അവർക്ക് സനാതന ധർമ്മത്തെക്കുറിച്ച് ബോധ്യമുണ്ടാക്കിക്കൊടുക്കുകയുംചെയ്ത ഋഷിവര്യനാണ് ശ്രീനാരായണ ഗുരുവെന്നും കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.
ഡോ. സി.എം. ജോയി അധ്യക്ഷതവഹിച്ചു. വഖഫ് രാഷ്ട്രീയവും ഭാരതത്തിന്റെ പരമാധികാരവും എന്ന വിഷയം മുൻ രാജ്യസഭാംഗം പ്രൊഫ. രാകേഷ് സിൻഹയും ‘ഹിന്ദു ജനത-ആഗോള വെല്ലുവിളികൾ’ എന്ന വിഷയം ഡോ. കെ. രാജീചന്ദ്ര, വിഷ്ണു അരവിന്ദ് എന്നിവരും അവതരിപ്പിച്ചു.
സമാപനസഭ കൊൽക്കത്ത വിശ്വഭാരതി സർവകലാശാല റിട്ട. പ്രൊഫ. കലാമണ്ഡലം പോരൂർ ശങ്കരനാരായണൻ ഉദ്ഘാടനംചെയ്തു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനപ്രസിഡന്റ് ഡോ. സി.വി. ജയമണി സമാപനസന്ദേശം നൽകി.സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി അധ്യക്ഷതവഹിച്ചു.ഡയറക്ടർ ആർ. സഞ്ജയൻ, ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, ജില്ലാ പ്രസിഡൻറ് ഡോ. എം.പി. രവിശങ്കർ, സ്വാഗതസംഘം ജനറൽ കൺവീനർ രാമചന്ദ്രൻ പാണ്ടിക്കാട്, പ്രജ്ഞാ പ്രവാഹ് ദക്ഷിണക്ഷേത്രീയ സംയോജക് എസ്.വിശ്വനാഥൻ, വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് എന്നിവർ സംസാരിച്ചു.