തിരൂർ : “ഞങ്ങൾ പാവങ്ങളാണ് കൈവിടരുത് സാർ. സ്വന്തമായി കിടപ്പാടംപോലുമില്ല, താങ്ങും തണലുമായിരുന്ന അദ്ദേഹം പോയി, രക്ഷിക്കണം” – മന്ത്രി ജി.ആർ. അനിലിന് മുൻപിൽ തൊണ്ടയിടറി പ്രേമ പറഞ്ഞു.ബി.പി. അങ്ങാടി നേർച്ചസ്ഥലത്ത് വിരണ്ട ആന കൊലപ്പെടുത്തിയ തെക്കുംമുറിയിലെ കൃഷ്ണൻകുട്ടിയുടെ ഭാര്യയുടെ വാക്കുകൾകേട്ട് മന്ത്രിയുടെ കണ്ണുനിറഞ്ഞു.
“കൈവിടില്ല, കരുത്തായി കൂടെയുണ്ട്. തിരുവനന്തപുരത്തെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ ധരിപ്പിക്കും, സഹായം അഭ്യർഥിക്കും” -മന്ത്രി ഉറപ്പുനൽകി.ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയയുടെ വലിയ നേർച്ചയോടനുബന്ധിച്ച് പെട്ടിവരവിനൊപ്പമെത്തിയ ആന വിരണ്ട് നേർച്ച കാണാനെത്തിയ കൃഷ്ണൻകുട്ടിയെ തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണൻകുട്ടിയുടെ തെക്കുംമുറിയിലെ വാടകവീട്ടിൽ മന്ത്രി എത്തിയത്.
മന്ത്രിയെ കണ്ടയുടനെ കൃഷ്ണൻകുട്ടിയുടെ ഭാര്യ പൊട്ടിക്കരഞ്ഞ് അവരുടെ ജീവിതപ്രയാസങ്ങൾ ഓരോന്നായി വിളിച്ചുപറയുകയായിരുന്നു. ഹോട്ടലിൽ പാചകക്കാരനായിരുന്നു കൃഷ്ണൻകുട്ടി.മകൻ അഭിജിത്തിനെയും കൃഷ്ണൻകുട്ടിയുടെ കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. മന്ത്രിക്ക് കൃഷ്ണൻകുട്ടിയുടെ ഭാര്യ സങ്കടഹർജിയും നൽകി.മന്ത്രിക്കൊപ്പം അഡ്വ. ദിനേശ് പൂക്കയിൽ, നഗരസഭാ കൗൺസിലർ വി. നന്ദൻ, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ. സുജിത്ത്കുമാർ എന്നിവരുമുണ്ടായിരുന്നു.ആന കൊലപ്പെടുത്തിയ കൃഷ്ണൻകുട്ടിയുടെ കുടുംബത്തിന് മന്ത്രിയുടെ ഉറപ്പ്.