ചങ്ങരംകുളം : ചേലക്കടവിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ സംശയാസ്പദമായി ഒരു യുവാവ് ചങ്ങരംകുളം പോലീസ് പിടിയിലായി.മൂക്കുതല ചേലക്കടവ് വിരളിപ്പുറത്ത് റാഷിദിന്റെ വീട്ടിലേക്കാണ് സ്ഫോടകവസ്തു കത്തിച്ച് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചിന് ആണ് സംഭവം.
സംഭവ സ്ഥലത്തു നിന്ന് പൊട്ടാത്ത നിലയിൽ ഒരു ഗുണ്ട് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യവും പുറത്തു വന്നു.ഹെൽമെറ്റ് ധരിച്ച യുവാവ് വീട്ടിലെത്തി സ്ഫോടകവസ്തു വീട്ടിലേക്ക് കത്തിച്ച് എറിയുന്ന ദൃശ്യവും ശബ്ദവും തീയും പുകയും ഉയർന്നതോടെ യുവാവ് ഓടി രക്ഷപ്പെടുന്നതും സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
വീട്ടുകാർ ശബ്ദംകേട്ട് ഉണർന്നതോടെ വീടിനു പുറത്ത് തീയും പുകയും നിറഞ്ഞ അന്തരീക്ഷമായിരുന്നു.ഇതോടെ നാട്ടുകാരെയും ബന്ധുക്കളെയും പിന്നീട് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. വീടിന്റെ ഗേറ്റിനു മുകളിൽ സി.പി.എമ്മിന്റെ കൊടി നാട്ടിയിട്ടാണ് പ്രതി കടന്നു കളഞ്ഞത്. സംശയാസ്പദമായ സാഹചര്യത്തിൽ പിടിയിലായ ഒരു യുവാവിനെ ചങ്ങരംകുളം പോലീസ് ചോദ്യംചെയ്യുകയാണ്. അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല.