കുറ്റിപ്പുറം : ജല അതോറിറ്റിയുടെ കീഴിലുള്ള പഞ്ചായത്തിലെ ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം നിലച്ചിട്ട് രണ്ടാഴ്ചയാകുന്നു. ഇതോടെ ആഴ്ചയിൽ രണ്ടു തവണ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്ന 1500-ൽപ്പരം കുടുംബങ്ങൾ ദുരിതത്തിലായി. നിർദ്ദിഷ്ട മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ അമ്പലപ്പറമ്പിനു സമീപത്ത് മലയിൽ ടാങ്കിൽ നിന്ന് കുറ്റിപ്പുറം പഞ്ചായത്തിലെ നിരപ്പ് ടാങ്കിലേക്ക് വെള്ളം വരുന്ന പ്രധാന പൈപ്പ് തകർന്നതാണ് കുടിവെള്ള വിതരണം നിലയ്ക്കാൻ കാരണം. ഇവിടെ റോഡ് പുനർനിർമാണപ്രവൃത്തിക്കിടെയാണ് പൈപ്പ് തകർന്നത്. പൈപ്പ് മാറ്റിസ്ഥാപിക്കാൻ പി.ഡബ്ള്യു.ഡി. ശ്രമിക്കുന്നില്ല. പി.ഡബ്ള്യു.ഡി.ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ജല അതോറിറ്റി അധികൃതർ ശ്രമം നടത്തുന്നുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനാൽ ജനുവരി 9 മുതൽ 12 വരെ ജലവിതരണം ഉണ്ടാകില്ലെന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ ജനുവരി നാലുമുതൽ കുടിവെള്ള വിതരണം നിർത്തിവെച്ചിരുന്നു. പഞ്ചായത്തിലെ മുക്കിലപ്പീടിക മുതൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം വരെയുള്ള 11 വാർഡുകളിലായി 1500-ൽപ്പരം വീട്ടുകാരാണ് ജലനിധി പദ്ധതിയെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിച്ച് ജലവിതരണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചാം വാർഡംഗം സാബാ കരീം മന്ത്രിമാരായ റോഷി അഗസ്റ്റിനും മുഹമ്മദ് റിയാസിനും കത്തയച്ചു.