പൊന്നാനി : തെങ്ങ് കർഷകർക്കുള്ള വളം വിതരണത്തെച്ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്‌പോര്. വളം വിതരണം സുതാര്യമല്ലെന്നാരോപിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു.

നഗരസഭയിൽ തെങ്ങ് കർഷകർക്കുള്ള വളത്തിന്റെ സബ്‌സിഡി നൽകുന്നതിൽ നഗരസഭാ ഭരണസമിതി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്. നേരത്തേ 25 ശതമാനം ഉപഭോക്തൃവിഹിതം അടച്ച് വളം നൽകിയിരുന്നതിനു പകരം തുക പൂർണമായും അടച്ച് വളം വാങ്ങുകയും പിന്നീട് അക്കൗണ്ട് വഴി സബ്‌സിഡി ലഭ്യമാക്കുകയും ചെയ്യുന്ന രീതി കർഷകരോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

മറ്റു പഞ്ചായത്തുകളിൽ കർഷകർ പുറമെനിന്ന് വളം വാങ്ങിയശേഷം ജി.എസ്.ടി. ബിൽ ഉൾപ്പെടെ സമർപ്പിച്ച് സബ്‌സിഡി കൈപ്പറ്റുകയാണു ചെയ്യുന്നത്. എന്നാൽ, പൊന്നാനിയിൽ സർവീസ് സഹകരണബാങ്ക് മറ്റൊരു ഇടനിലക്കാരനെ ഏൽപ്പിച്ച് വളം നഗരസഭ വഴി വിതരണംചെയ്യുമ്പോൾ മുഴുവൻ പണവും ബാങ്കിൽ അടയ്ക്കുകയും പിന്നീട് സബ്‌സിഡി നൽകുകയും ചെയ്യുന്നത് അഴിമതിക്ക് കളമൊരുക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ഇതോടെ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്‌പോരുണ്ടാകുകയും പ്രതിപക്ഷം കൗൺസിൽ ബഹിഷ്‌കരിക്കുകയുമായിരുന്നു.

കർഷകരുടെ കഴുത്തറുക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്നും കർഷകർക്ക് പൊതുവിപണയിൽനിന്ന് ഗുണമേന്മയേറിയ വളം കുറഞ്ഞനിരക്കിൽ വാങ്ങാമെന്നിരിക്കെ സി.പി.എം. അധീനതയിലുള്ള സർവീസ് സഹകരണബാങ്കിനെ ചുമതല ഏൽപ്പിച്ചത് അഴിമതിക്ക് ഭരണസമിതി കൂട്ടുനിൽക്കാനാണെന്നും പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.പദ്ധതിനിർവഹണം സംബന്ധിച്ച സർക്കാർ മാനദണ്ഡപ്രകാരം ഗുണഭോക്താക്കൾക്കുള്ള സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി വിതരണംചെയ്യണമെന്ന് നിഷ്‌കർച്ചിട്ടുണ്ടെന്നും അതിനാലാണ് വളം വിതരണത്തിൽ അത് നടപ്പാക്കിയതെന്നും നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *