എരമംഗലം : വെളിയങ്കോട് നാലാം വാർഡിൽ പുതിയ കെട്ടിടമാവാതെ ബുദ്ധിമുട്ടുകയാണ് ഒരു അങ്കണവാടി. വെളിയങ്കോട് നാലാം വാർഡ് പഴഞ്ഞി ജി.എം.എൽ.പി. സ്കൂളിൽ കുട്ടികൾ കുറഞ്ഞതിനാൽ 1994ൽ പഴഞ്ഞിയിലെ വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന ഒരുകൂട്ടമാളുകളുടെ പ്രവർത്തനഫലമായാണ് സ്കൂളിന്റെ നിലനില്പിനായി 1995-ൽ 91ാം നമ്പർ അങ്കണവാടി തുടങ്ങിയത്. 2020 വരെ അങ്കണവാടി സ്കൂൾ കെട്ടിടത്തിൽ തുടർന്നു.2020-ൽ പഴയകെട്ടിടം പൊളിച്ചുമാറ്റി. കോവിഡ് കാലമായതിനാൽ സ്കൂളിന് സമീപത്തെ സഹൃദയ ക്ലബ്ബ് ഓഫീസിലായിരുന്നു സ്കൂൾ ഓഫീസും അങ്കണവാടിയും പ്രവർത്തിച്ചിരുന്നത്. പിന്നീട് 2022-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ അങ്കണവാടി പടിക്ക് പുറത്തായി.സ്കൂളിൽ കുട്ടികൾ കൂടിയതിനാൽ ക്ലാസ് ഡിവിഷൻ കൂടിയെന്നു പറഞ്ഞായിരുന്നു അങ്കണവാടിയെ പുറത്താക്കിയത്.
വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതുവരെ സ്കൂളിൽ പ്രവർത്തിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സ്കൂൾ അധികൃതർ വഴങ്ങിയില്ല.സ്കൂളിലെ ചില അധ്യാപികമാർക്ക് അങ്കണവാടി അധ്യാപികയോടുള്ള അനിഷ്ടമാണ് അങ്കണവാടിയെ സ്കൂളിൽനിന്ന് പുറത്താക്കുന്നതിന് കാരണമായതെന്നാണ് അങ്കണവാടിയിലെയും സ്കൂളിലെയും രക്ഷിതാക്കൾ പറയുന്നത്.നിലവിൽ ഒന്ന് മുതൽ നാലുവരെ 103 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇതിനുപുറമേ സർക്കാർ അംഗീകാരമില്ലാതെ 48 കുട്ടികൾ പ്രീപ്രൈമറിയിൽ എൽ.കെ.ജി., യു.കെ.ജി. എന്ന നിലയിൽ രണ്ടു ക്ലാസുകളിലും പഠിക്കുന്നുണ്ട്.സ്കൂളിൽനിന്ന് ഒഴിവാക്കിയതോടെ സ്കൂളിന് അടുത്തുള്ള ഒരുവീട്ടിൽ അങ്കണവാടി വാടകയ്ക്ക് പ്രവർത്തിച്ചിരുന്നു. വീട്ടുടമ ഇവിടെനിന്ന് മാറാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് പഴയ പഴഞ്ഞി തപാൽ ഓഫീസിനടുത്തുള്ള ക്വാർട്ടേഴ്‌സിലേക്ക് മാറുകയായിരുന്നു.
ഭൂമി തരംമാറ്റാനാവാത്തത് വെല്ലുവിളി
പഴഞ്ഞി അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി പഴഞ്ഞി തച്ചംപറമ്പത്ത് ഖദീജ പഴഞ്ഞി കരീലപാടം പ്രദേശത്തും മടയപറമ്പിൽ സക്കീന പൂഴിക്കുന്ന് പ്രദേശത്തും മൂന്ന് സെന്റ് വീതം ഭൂമി സൗജന്യമായി നൽകി.എന്നാൽ ഐ.സി.ഡി.എസ്. സൂപ്പർവൈസറായിരുന്ന അംബിക നൽകിയ കത്തു പരിഗണിച്ചെന്നു പറഞ്ഞു വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി മടയപറമ്പിൽ സക്കീന നൽകിയ ഭൂമിയിൽ അങ്കണവാടി നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.അങ്കണവാടിക്കെട്ടിടം നിർമിക്കാൻ ജില്ലാ പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
എന്നാൽ സക്കീന നൽകിയ ഭൂമി നഞ്ചയായതിനാൽ തരംമാറ്റിയല്ലാതെ കെട്ടിടം നിർമിക്കുക അസാധ്യമാണ്.തരംമാറ്റുന്നതിന് അപേക്ഷ നൽകുന്നതിലും ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിലും പഞ്ചായത്ത് ഭരണസമിതി കാലതാമസം വരുത്തിയെന്ന ആക്ഷേപം ഉയരുന്നുണ്ട്.എന്നാൽ, എല്ലാം സമയബന്ധിതമായി ചെയ്തൂവെന്നാണ് പഞ്ചായത്ത് ഭരണസമിതി നൽകുന്ന വിശദീകരണം. തരംമാറ്റൽ അപേക്ഷയിലും അങ്കണവാടിക്കെട്ടിടം വരുന്നതിലും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരേ പഴയ യൂത്ത്‌കോൺഗ്രസ് നേതാവും നാലാംവാർഡ് മുൻ അംഗവും സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റി അംഗവുമായ റിയാസ് പഴഞ്ഞി നവമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
ഇതിനെതിരേ കോൺഗ്രസ് നേതാവും വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റുമായ കല്ലാട്ടേൽ ഷംസുവും കുറിപ്പുമായി രംഗത്തുവന്നതോടെ സംഭവം വിവാദമായി.പഞ്ചായത്ത് നൽകിയ അപേക്ഷയിൽ തരംമാറ്റി നൽകാനാവുകയില്ലെന്ന് കാണിച്ചു ജില്ലാ ഡെപ്യൂട്ടി കളക്ടർ അപേക്ഷ നിരസിച്ചു.ഇതോടെ അങ്കണവാടിക്ക് സ്വന്തമായ കെട്ടിടമെന്നത് ഇനിയും അനന്തമായി നീളും. പുതിയകെട്ടിടം വരുന്നതുവരെ അങ്കണവാടിയെ സ്കൂളിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.നിലവിലെ ക്വാട്ടേഴ്‌സിൽ അങ്കണവാടി അസൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.