തിരൂർ : ഇന്ത്യൻ ബീച്ച് ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത തിരൂർ കൂട്ടായി സ്വദേശികളായ കെ.കെ. ഉമ്മറുൽ മുക്താർ, കെ.പി. ബാസിത്ത്, എ.പി. അലി അക്ബർ എന്നിവർ ഞായറാഴ്ച വൈകീട്ട് പോർബന്ദർ എക്സ്പ്രസ്സിൽ ഗുജറാത്തിലേക്ക് യാത്ര തിരിച്ചു.ദേശീയ ഗെയിംസിലെ ഗോൾഡ് മെഡലിസ്റ്റായ മൂന്നുപേരും ഇന്ത്യക്ക് ബൂട്ടണിയാൻ സാധിക്കും എന്ന ശുഭപ്രതീക്ഷയിലാണ്.ഗുജറാത്തിലെ പോർബന്തറിൽ ബുധനാഴ്ചയാണ് പരിശീലന ക്യാമ്പ് ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഗോവയിൽ നടന്ന നാഷണൽ ഗെയിംസ് ബീച്ച് ഫുട്ബോളിൽ ഗോൾഡ് മെഡലിസ്റ്റുകളായ കേരള ബീച്ച് സോക്കർ ടീം അംഗങ്ങളാണ് മൂന്നുപേരും.
കൂട്ടായി എം.എം.എം.എച്ച്.എസ്. സ്കൂളിലെ പൂർവ വിദ്യാർഥികളായ മൂവരും കൂട്ടായി മൗലാന ഫുട്ബോൾ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. തിരൂർ മയൂര എഫ്.സി. ക്ലബ്ബിനായി ജില്ലാ ലീഗ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന താരങ്ങളുമാണ്.ഇന്ത്യൻ ക്യാമ്പിലേക്ക് യാത്ര തിരിക്കുന്ന താരങ്ങൾക്ക് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.മന്ത്രി വി. അബ്ദുറഹ്‌മാൻ മുന്നുപേരെയും ഷാൾ അണിയിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജലീൽ മയൂര അധ്യക്ഷതവഹിച്ചു. എസ്.ഐ. ടി. മുഹമ്മദ് ഷംസാദ്, മുജീബ് താനാളൂർ, അമീർ അരീക്കോട് എന്നിവർ സംസാരിച്ചു.