എടപ്പാൾ: ഗാർഹികപീഡനത്തിനു പരാതി നൽകിയ വൈരാഗ്യത്തിൽ ഭാര്യവീടിനു തീയിടുകയും 3 ബൈക്കുകൾ കത്തിക്കുകയും ചെയ്തെന്ന കേസിൽ ബെംഗളൂരുവിൽ പിടിയിലായ വടക്കേക്കാട് പുന്നയൂർ സ്വദേശി പന്തലായിൽ ബിനീഷിനെ (35) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാലടി കാടഞ്ചേരി വരടിപ്പറമ്പിൽ നാരായണന്റെ മകളും ബിനീഷും 9 മാസം മുൻപാണു വിവാഹിതരായത്. സ്ത്രീധന പ്രശ്നം ആരോപിച്ചു ഭർത്താവ് ഉപദ്രവിക്കുന്നത് പതിവായതോടെ പൊലീസിൽ പരാതി നൽകി.
ഇതിനിടെ വിദേശത്തുനിന്നു മടങ്ങിയെത്തിയ പ്രതി കഴിഞ്ഞദിവസം ഭാര്യയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും രാത്രി വീടിനോടു ചേർന്നു നിർത്തിയിട്ടിരുന്ന 3 ബൈക്കുകൾക്കു തീയിടുകയുമായിരുന്നു. വീടിന്റെ ഒരു ഭാഗവും കത്തിനശിച്ചു. തുടർന്നു ബെംഗളൂരുവിലേക്കു കടന്ന ഇയാളെ പിടികൂടുന്നതിനായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഇവിടെനിന്നു വിദേശത്തേക്കു പോകാനുള്ള ശ്രമത്തിനിടെ എമിഗ്രേഷൻ വിഭാഗം പിടികൂടി ബെംഗളൂരു പൊലീസിനു കൈമാറി. തുടർന്നു കഴിഞ്ഞ ദിവസം പൊന്നാനി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങി നാട്ടിലെത്തിച്ചു. തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊന്നാനി സിഐ ജലീൽ കറുത്തേടത്ത്, തിരൂർ ഡാൻസാഫ് അംഗങ്ങൾ, പൊന്നാനി പൊലീസ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.