തിരൂർ : ചൂടിന്റെ കാര്യത്തിൽ യാതൊരു കനിവും കാട്ടാതെ വേനലിങ്ങെത്തിയിട്ടുണ്ട്. മകരം മായും മുന്നേ കൂഭമിങ്ങെത്തിയ മട്ടിലാണ് കാര്യങ്ങൾ. ഭാരതപ്പുഴയും തോടുകളും കുളങ്ങളുമെല്ലാം കടുത്ത വേനലിന്റെ മുന്നിൽ കീഴടങ്ങിത്തുടങ്ങിയിരിക്കുന്നു. പതിവുപോലെ നിള കണ്ണീർച്ചാലായി മാറിത്തുടങ്ങിയിട്ടുണ്ട്. ഇത്തവണ ഒരൽപം നേരത്തെയായെന്നു മാത്രം. രാത്രി അൽപം തണുപ്പും പകൽ കടുത്ത ചൂടും നൽകിയാണ് മകരം കടന്നുപോകുന്നത്. കൊടുംചൂട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ തന്നെ. ഏതാനും ദിവസം കഴിഞ്ഞാൽ കുംഭമിങ്ങെത്തും. ഇതോടെ ചൂടിന്റെ സ്ഥിതി അതികഠിനമായേക്കും.
മഴക്കാലത്തൊന്നു രൗദ്രഭാവമണിയുന്ന ഭാരതപ്പുഴ, മഴയങ്ങു നിന്നാൽ വെറും പാവമാകുന്ന സ്ഥിരം കാഴ്ച തന്നെയാണ് ഇത്തവണയും ഉണ്ടായത്. പുഴയിലെ വെള്ളം കുറഞ്ഞിട്ട് ദിവസങ്ങളായി. ചൂട് കൂടിയതോടെ പുഴയുടെ നടുക്ക് ചാലുകളായി വെള്ളം ഒഴുകുന്ന കാഴ്ച. പുഴയുടെ മധ്യത്തിലാകെ കാടാണ്. ഇടവിട്ട് വലിയ മരങ്ങളും. ഇവയ്ക്കു നിലനിൽക്കാനുള്ള വെള്ളം പോലും നിളയിലില്ല. ഇതോടെ ഈ കാടുകളും കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇനി കുംഭവും മീനവും മേടവും താണ്ടണം. ഇടയ്ക്കൊരു വേനൽമഴ ലഭിച്ചാൽ ആശ്വാസം. ജനുവരി 24 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പകൽ സമയത്തെ ശരാശരി ചൂട് 32 ഡിഗ്രിയാണെന്നു തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വെതർ സ്റ്റേഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.