എരമംഗലം : ചെറവല്ലൂരിനെയും പെരുമ്പടപ്പിനെയും ബന്ധിപ്പിക്കുന്ന ചെറവല്ലൂർ ബണ്ട് റോഡിന്റെ നിർമാണത്തിനു നാളെ തുടക്കം കുറിക്കും. പൊന്നാനി കോളിൽ ചുറ്റപ്പെട്ടു കിടക്കുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ 7, 8 വാർഡുകളിലുള്ള ചെറവല്ലൂർ, ആമയം മേഖലയിലുള്ളവർക്കു പെരുമ്പടപ്പിലേക്കു സഞ്ചരിക്കാനാണ് പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ആൻഡ് ബ്രിജ് നൂനക്കടവ് പാടശേഖരത്തിനോടു ചേർന്ന് റോഡും പാലവും നിർമിക്കുന്നത്. ഗതാഗതത്തിന് സൗകര്യം ഇല്ലാതെ വന്നതോടെ ചെറവല്ലൂർ പാലത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർക്ക് പഞ്ചായത്ത് ഓഫിസ്, ആശുപത്രി, കെഎസ്ഇബി ഓഫിസ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് 10 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്.
പെരുമ്പടപ്പിനെയും ചെറവല്ലൂരിനേയും ബന്ധിപ്പിച്ച് റോഡ് നിർമിക്കുന്ന ബണ്ട്.
20 വർഷം മുൻപ് കോടികൾ ചെലവഴിച്ച് കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ (കെഎൽഡിസി) ബണ്ട് റോഡും പാലവും നിർമിച്ചെങ്കിലും ഫണ്ട് തികയാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് സംസ്ഥാന സർക്കാർ 8 കോടി രൂപ ചെലവിൽ പാത നിർമിക്കാൻ തീരുമാനം എടുക്കുകയായിരുന്നു. നിലവിൽ മണ്ണിട്ട ബണ്ടിനോടു ചേർന്നാകും പുതിയ പാത നിർമിക്കുക.
നുറടിത്തോടിന് കുറുകെ പുതിയ പാലം നിർമിക്കും
700 മീറ്ററോളം നീളത്തിൽ നിർമിക്കുന്ന റോഡിന് 9 മീറ്റർ വീതി ഉണ്ടാകും. കെഎൽഡിസി നിർമിച്ച പാലം ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ നുറടിത്തോടിനു കുറുകെ പുതിയ പാലം നിർമിക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. നിർമാണോദ്ഘാടനം നാളെ വൈകിട്ട് പി.നന്ദകുമാർ എംഎൽഎ നാളെ വൈകിട്ടു നിർവഹിക്കും. മലബാർ പ്ലസ് കൺസഷൻ കമ്പനിക്കാണു നിർമാണച്ചുമതല. പുതിയ പാത വരുന്നതോടെ പെരുമ്പടപ്പ് മേഖലയിലുള്ളവർക്കു വേഗത്തിൽ ചങ്ങരംകുളത്ത് എത്താനാകും.
പഴയ പാലം പൊളിച്ചു നീക്കും
കോടികൾ മുടക്കി 20 വർഷം മുൻപു നിർമിച്ച പാലം ബലക്ഷയം മൂലം പൊളിച്ചു നീക്കും. പെരുമ്പടപ്പിനെയും ചെറവല്ലൂരിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവിൽ കെഎൽഡിസി നുറടിത്തോടിനു മുകളിൽ നിർമിച്ച പാലമാണ് പൊളിച്ചുമാറ്റുന്നത്. പാലത്തിന്റെ 2 വശങ്ങളിൽ വിള്ളലും താഴ്ചയും ഉണ്ട്. പാലത്തിലൂടെ ഗതാഗതം അപകടമാണെന്നും കണ്ടെത്തിയിരുന്നു.