ചങ്ങരംകുളം : ആലങ്കോട് ഉദിനുപറമ്പിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ലഹരിസംഘത്തിന്റെ വിളയാട്ടം. ആക്രമണത്തിൽ ഒരാൾക്കു വെട്ടേറ്റു. മൂന്നുപേർക്ക് പരിക്കേറ്റു. ഉദിനുപറമ്പ് സ്വദേശികളായ വടക്കേയിൽ സുബൈർ (45), റാഫി (39), ലബീബ് (21) എന്നിവർക്കാണ് പരിക്കേറ്റത്. മാരകായുധങ്ങളുമായിവന്ന സംഘം വാൾകൊണ്ട് വെട്ടിയതിനാൽ സുബൈറിന് തലയിൽ ആഴത്തിൽ മുറിവേറ്റു. സുബൈറിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച റാഫിയെ ഇരുമ്പുവടി കൊണ്ട് കഴുത്തിനു പിന്നിൽ അടിച്ചു. അക്രമംനടത്തി തിരിച്ചുപോകുന്ന വഴിയേ ആണ് ലബീബിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. സുബൈറിന് തലയിൽ ഒൻപത് തുന്നൽ ഉണ്ട്. പരിക്കേറ്റവരെ നാട്ടുകാർ ചങ്ങരംകുളത്തെ ഓർക്കിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുൻപും ഉദിനുപറമ്പ് പ്രദേശത്ത് ലഹരിമാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സമഗ്രാന്വേഷണം വേണം
എടപ്പാൾ: കർഷക കോൺഗ്രസ് ആലങ്കോട് മണ്ഡലം പ്രസിഡന്റ് എൻ.വി. സുബൈറിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ കർഷക കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ശ്രീകുമാർ പെരുമുക്ക് അധ്യക്ഷനായി. ക്രിമിനലുകളായ മദ്യമയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താൻ പോലീസ് ശക്തമായി ഇടപെടണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ കെ. അനസ് അധ്യക്ഷനായി.
മൂന്നുപേർ അറസ്റ്റിൽ
ആലങ്കോട് ഉദിനുപറമ്പിൽ കഴിഞ്ഞദിവസം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് പൊന്നുപറമ്പിൽ നിജിത്ത് (28), ഉദിനിപറമ്പ് കറുപ്പംവീട്ടിൽ ബാദുഷ(27), കുന്നംകുളം കാട്ടകാമ്പൽ ചെറുവള്ളി വീട്ടിൽ മണികണ്ഠൻ(25) എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തത്. പ്രദേശത്തെ ലഹരി വിൽപ്പന സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്നും ഇത്തരം സംഘങ്ങൾക്കെതിരേ കർശന നടപടി വേണമെന്നും നാട്ടുകാർ പറഞ്ഞു.