കുറ്റിപ്പുറം : കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഇരുഭാഗത്തുനിന്നും മണൽ നീക്കാൻ നടപടി ആരംഭിച്ചു.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ നടന്നുവരുന്നത്. റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ വെള്ളം കെട്ടിനിർത്തുന്ന ഭാഗത്ത് ഒരുകിലോമീറ്റർ ദൂരത്തിലും വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്ത് അരക്കിലോമീറ്റർ ദൂരത്തിലും മൂന്നുമീറ്റർ ആഴത്തിലാണ് മണലെടുക്കുക.
ഇതിനുള്ള ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തിരുന്നത്. ഇതിൽ ഹൈദരാബാദ് ആസ്ഥാനമായ കെ.എസ്.ആർ. കമ്പനിക്കാണ് കരാർ ലഭിച്ചത്. 250 കോടി രൂപയ്ക്കാണ് മണൽ ഖനനം ഏറ്റെടുത്തിട്ടുള്ളത്.എന്നാൽ, ഇതിനെതിരേ ടെൻഡറിൽ പങ്കെടുത്ത മലപ്പുറം സ്വദേശിയായ സുലൈമാൻകുട്ടി എന്ന കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനാൽ ടെൻഡർ നടപടികളുടെ തുടർന്നുള്ള കാര്യങ്ങൾ ഹൈക്കോടതിയുടെ നിർദേശാനുസരണം മാത്രമാണു നടക്കുക.