എരമംഗലം : വിദ്യാർഥികളും ബസ് ജീവനക്കാരുമായുണ്ടായ സംഘർഷത്തിൽ പ്രതികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ പുതുപൊന്നാനി -ചാവക്കാട് പാതയിൽ വെള്ളിയാഴ്ച പണിമുടക്കു നടത്തി.
വിദ്യാർഥികളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതിനെച്ചൊല്ലിയായിരുന്നു സംഘർഷം. സ്വകാര്യ ബസുകളുടെ അപ്രതീക്ഷിത പണിമുടക്കിനെത്തുടർന്ന് വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിനു യാത്രക്കാരാണ് ദുരിതത്തിലായത്. കെ.എസ്.ആർ.ടി.സി. ബസുകൾ യാത്രക്കാർക്ക് ആശ്വാസമായി.
പുതുപൊന്നാനി -ചാവക്കാട് റൂട്ടിൽ ഓടുന്ന കീർത്തി ബസിലെ ജീവനക്കാരും ഒരുസംഘം വിദ്യാർഥികളും തമ്മിലാണ് വ്യാഴാഴ്‌ച വൈകുന്നേരം സംഘർഷമുണ്ടായത്. പാലപ്പെട്ടി അമ്പലം സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനികളുടെ ചിത്രങ്ങൾ കണ്ടക്ടർ മൊബൈലിൽ പകർത്തിയത് ചോദ്യം ചെയ്തതിനെത്തുടർന്നാണിത്.
സംഭവത്തിൽ ബസ് ജീവനക്കാർ പെരുമ്പടപ്പ് പോലീസിൽ പരാതിനൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ എൽ. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ബസ് ഉടമകൾ, തൊഴിലാളികൾ, പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ, പി.ടി.എ. കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പായില്ല. നിയമപരമായി നീങ്ങാനാണ് ബസ് ജീവനക്കാരുടെയും സ്കൂൾ അധികൃതരുടെയും തീരുമാനം. ചർച്ചക്കൊടുവിൽ ശനിയാഴ്‌ച മുതൽ ബസ് സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചതായും വിദ്യാർഥിനിയുടെ ചിത്രം മൊബൈലിൽ പകർത്തിയത് കീർത്തി ബസിലെ ജീവനക്കാരൻ സമ്മതിച്ചതായും പെരുമ്പടപ്പ് പോലീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാർഥിനിയുടെ പരാതിയിൽ ബസ് ജീവനക്കാരനെതിരേ കേസെടുക്കും.