തിരൂർ : താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ നടത്തിയ പ്രതിഭാസംഗമം മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രമേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ യക്ഷഗാനത്തിന് എ ഗ്രേഡ് നേടിയ തിരൂർ എൻ.എസ്.എസ്. ഹൈസ്‌കൂൾ വിദ്യാർഥികളെയും ജൈവകർഷകയും കേരകേസരി, അക്ഷയശ്രീ പുരസ്‌കാരജേതാവുമായ പി.ടി. സുഷമയെയും കലാകായിക സാംസ്‌കാരിക രംഗങ്ങളിലും കാർഷിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച കരയോഗ പ്രതിഭകളെയും ആദരിച്ചു. യൂണിയൻ പ്രസിഡൻറ് ബി. വേണുഗോപാലൻ നായർ അധ്യക്ഷതവഹിച്ചു.
വാർഡ് കൗൺസിലർ ഷാനവാസ്, യൂണിയൻ വൈസ് പ്രസിഡൻറ് പി. വാണികാന്തൻ, വനിതാ യൂണിയൻ പ്രസിഡന്റ് സി.എസ്. വിമലകുമാരി, യൂണിയൻ സെക്രട്ടറി എസ്. മഹേഷ്‌കുമാർ, വനിതാ യൂണിയൻ സെക്രട്ടറി ജ്യോതി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.ആധ്യാത്മിക സംഗമ വിജയികൾക്ക് പുരസ്‌കാരങ്ങളും പങ്കെടുത്ത വിദ്യാർഥികൾക്ക് സമ്മാനങ്ങളും നൽകി. മന്നം പെൻഷൻ പദ്ധതി തുകയും വിവാഹ-ചികിത്സാ സഹായധനവും വിതരണംചെയ്തു. പരിപാടികൾക്ക് യൂണിയൻ ഭരണസമിതി അംഗങ്ങൾ, വനിതാ യൂണിയൻ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വംനൽകി. താലൂക്കിലെ 50 കരയോഗങ്ങളിൽനിന്നുള്ള ഭാരവാഹികൾ, സമുദായാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.