കുറ്റിപ്പുറം : നിളാതീരത്തെ ചെമ്പിക്കൽ തീരം മനോഹരമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് തുടക്കമായി. ചെമ്പിക്കലിലെ നിളാകടവ് ഭാഗത്തെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുക. റോഡിനു സുരക്ഷാവേലി, പുതിയ നടപ്പാത നിർമിച്ച് കട്ട വിരിക്കൽ, മരങ്ങൾക്ക് വീതിയേറിയ തറകൾ നിർമിക്കൽ എന്നിവയാണ് മോടി കൂട്ടലിന്റെ ഭാഗമായി നടക്കുക.
ഇതിൽ സുരക്ഷാ വേലിയുടെ നിർമാണം ചൊവ്വാഴ്ച ആരംഭിച്ചു.2022-23 ൽ വാർഡംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഫസീന അഹദ്കുട്ടി അനുവദിച്ച നാലു ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്.കഴിഞ്ഞ വർഷത്തെ പ്രോജക്ടിൽ അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 50 മീറ്റർ നിർമാണപ്രവർത്തനങ്ങൾ ഇതിന്റെ തുടർച്ചയായി നടക്കും.
കുറ്റിപ്പുറം-തിരൂർ റോഡിൽ ചെമ്പിക്കൽ ലോക്ക് കം ബ്രിഡ്ജ് മുതൽ കുറ്റിപ്പുറം ഭാഗത്തേക്ക് ഏകദേശം അര കിലോമീറ്റർ ദൂരം നിളയോരം വൈകുന്നേരങ്ങളിൽ യാത്രക്കാരുടേയും ഒഴിവുസമയങ്ങൾ ചെലവഴിക്കാനെത്തുന്നവരുടേയും വിഹാരകേന്ദ്രമാണ്. ഇവിടെ നിരവധി തട്ടുകടകൾ പ്രവർത്തിക്കുന്നുണ്ട്.പുഴയ്ക്ക് ഇവിടെ ആഴം കുറവായതിനാൽ ഇവിടെ കുളിക്കാനെത്തുന്നവരും നിരവധിയാണ്. വേനൽ ആകുന്നതോടെ ഇവിടെ കുളിക്കാനെത്തുന്നവരുടെ എണ്ണവും ഏറെയാണ്.
ഇതെല്ലാം അടിസ്ഥാനമാക്കി ചെമ്പിക്കൽ നിളയോരം വിനോദസഞ്ചാര പദ്ധതി എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കി ഫസീന അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ അന്നത്തെ ഭരണസമിതി വിനോദസഞ്ചാര വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല.ഇതിനെത്തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി ചെമ്പിക്കൽ വിനോദസഞ്ചാര പദ്ധതിക്ക് ഫണ്ട് വകയിരുത്തിയത്.