എടപ്പാൾ : കുറ്റിപ്പുറം-തൃശ്ശൂർ സംസ്ഥാനപാതയോരത്ത് എടപ്പാൾ ടൗണിനടുത്തുള്ള കൊച്ചുപട്ടണമാണ് കണ്ടനകം. ഇ.കെ. ഇമ്പിച്ചിബാവയുടെ ദീർഘവീക്ഷണത്തിൽ കൊണ്ടുവന്ന കെഎസ്ആർടിസിയുടെ വലിയൊരു വർക്ക് ഷോപ്പടക്കമുള്ള ഇവിടെയാണ് നാട്ടുകാരുടെ കൂട്ടായ്മയായ ചമയം പ്രവർത്തിക്കുന്നത്.മാണൂർ കായലിന്റെ കുഞ്ഞോളങ്ങൾ തഴുകിയുണർത്തുന്ന ഗ്രാമീണപശ്ചാത്തലമുള്ള ഇവിടെ മൂന്നരപ്പതിറ്റാണ്ടിനുമുൻപാരംഭിച്ച സാംസ്‌കാരിക സംഘടനയാണ് ചമയം.
അന്നുമുതൽ ഇന്നുവരെയും പ്രദേശത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഉന്നമനങ്ങൾക്കുള്ള ഇടപെടലുകൾക്കൊപ്പം ഗ്രാമീണർ തമ്മിലുള്ള ഇഴയടുപ്പവും കൂട്ടുന്ന വേദി കൂടിയാണിത്. തുടക്കകാലം മുതൽതന്നെ പ്രദേശത്തെ ജാതി-മത-പ്രായവ്യത്യാസമില്ലാതെയുള്ള ജനങ്ങളുടെ സംഗമ ഇടമാണിത്. അസ്തമയസൂര്യൻ അറബിക്കടലിലേക്കിറങ്ങുന്ന സായംസന്ധ്യയിൽ എന്നും മുടക്കമില്ലാതെ ഇവിടുത്തുകാർ കൂടിച്ചേരും.
യുവാക്കളിൽ ദുസ്വഭാവങ്ങളുടെ കടന്നുകയറ്റം കുറയ്ക്കാനും ഈ വേദി സഹായിക്കുന്നുണ്ട്. വൈകുന്നേരം ടൗൺ തിരക്കുപിടിക്കുന്ന സമയത്താണ് ചമയത്തിന്റെ വാതിൽ തുറന്ന് സെക്രട്ടറി സി.വി. പ്രമോദ് അകത്തേക്കെത്തുക. അന്നത്തെ പത്രങ്ങളെല്ലാം ടീപ്പോയിൽ അടുക്കിവെച്ച് തലേദിവസം മാറ്റിവെച്ച ചില ജോലികളിലേക്ക് തിരിയുമ്പോഴേക്കും പ്രസിഡന്റ് അഭിലാഷെത്തും.കഴിഞ്ഞ ദിവസം നടന്ന വേളാമ്പുള്ളിക്കാവിലെ ഉത്സവപരിപാടികളെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു അഭിലാഷിന്റെ വരവ്. പിറകെയെത്തിയ ടി.പി. ആനന്ദനും ദീർഘകാലമായി സംഘടനയെ നയിച്ച മുരളി പാറക്കലും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തും.
ട്രഷററായ ഷാലുവും കെ. വിനീതും ശ്രീവത്സനും പ്രമോദും സജിനിയും അഭിലാഷുമെല്ലാം അവരവരുടെ ജോലികളും വീട്ടിലെ അത്യാവശ്യകാര്യങ്ങളും തീർത്ത് തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കും. ബാലവേദിയുടെ ചിത്രകലാപഠനം, വനിതാവേദിയുടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, ആർ.കെ. മലയത്ത് ക്യാപ്റ്റനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മതസൗഹാർദസന്ദേശയാത്ര എന്നിവയെല്ലാം ഇത്തരം കൂട്ടായ്മകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളാണ്.
വയനാട് ദുരന്തമുണ്ടായപ്പോൾ ദുരിതാശ്വാസക്യാമ്പിലെത്തി ആവശ്യമായ ഗ്ലാസുകളും പ്ലേറ്റുകളും നൽകുകയും തുക സമാഹരിച്ചുനൽകുകയും ചെയ്തു. രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കുമെല്ലാമുപരി മാനുഷികമൂല്യമുള്ള ചർച്ചകളും ആശയങ്ങളുമാണ് ലത, ശശി, ഷാലു, സിനി, അലീന തുടങ്ങി നിരവധിപേരുള്ള ഈ സായാഹ്ന കൂട്ടായ്മയുടെ മുഖമുദ്ര.
ആനക്കര റോഡിലൂടെ പോകുന്ന ബസുകളിൽ വരുന്നവരും കാൽനടയായെത്തുന്നവരും ഇരുചക്രവാഹനങ്ങളിലെത്തുന്നവരുമെല്ലാമുണ്ട് ഇവരിൽ. അപൂർവമായി ബസുള്ള ആനക്കര റോഡിലേക്കുള്ള അവസാന ബസ് വരുന്നതാണ് ആ ഭാഗത്തുള്ളവരുടെ അവസാന ബെൽ. അവരിറങ്ങുന്നതോടെ ഒരു ദിവസത്തെ ചിന്തകളും ആശയങ്ങളും പരസ്പരം കൈമാറി സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തുറ്റ ഈ കൂട്ടായ്മയ്ക്ക് വിരാമമിട്ട് മറ്റുള്ളവരും സ്വന്തം കുടുംബങ്ങളുടെ തണലിലേക്ക് മടങ്ങും.