എരമംഗലം : കുഴികളും കല്ലും നിറഞ്ഞ നാലടിമാത്രം വീതിയുള്ള വഴിയായിരുന്നു ഭിന്നശേഷിക്കാരനായ പുറങ്ങ് മാരാമുറ്റം കണ്ടപ്പൻ കാട്ടിൽ വിഘ്‌നേഷിന് വീട്ടിലെത്താനുള്ള ഏക ആശ്രയം. കൈകാലുകൾക്ക് ബലക്ഷയമുള്ള വിഘ്‌നേഷ് പലപ്പോഴും 17 മീറ്റർ മാത്രം നീളമുള്ള ഈ വഴിയിലൂടെ വീട്ടിലെത്തുമ്പോൾ ഏറെ ബുദ്ധിമുട്ടിയിരുന്നു.മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം നിഷാദ് അബൂബക്കറിന്റെ ശ്രമഫലമായി വിഘ്‌നേഷിന്റെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്‌തുകൊടുത്തു. വഴി വീതികൂട്ടാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ സഹകരിക്കാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു.20,000 രൂപയാണ് കോൺക്രീറ്റിങ്ങിനു ചെലവ്. 10,000 രൂപ പഞ്ചായത്ത് അനുവദിച്ചു നൽകി.
ബാക്കിതുക വാർഡ് അംഗം കൂടിയായ നിഷാദ് അബൂബക്കർ കണ്ടെത്തി നിർമാണം പൂർത്തിയാക്കുകയായിരുന്നു. പഠനത്തിൽ മിടുക്കനായ വിഘ്‌നേഷ് പൊന്നാനി എംഇഎസ് കോളേജിൽനിന്ന് എംഎ ഇക്കണോമിക്‌സ് പാസായിട്ടുണ്ട്.സർക്കാർ ജോലി നേടാനുള്ള ശ്രമം അമ്മ രുഗ്‌മിണിയുടെയും കുടുംബങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തിൽ നടക്കുന്നുണ്ട്. മാരാമുറ്റം മഹല്ല് നടത്തുന്ന പിഎസ്‌സി പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.അച്ഛൻ പുരുഷോത്തമൻ അർബുദം ബാധിച്ച് 2013-ൽ മരിച്ചു. രണ്ടു സഹോദരിമാരുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. വിഘ്‌നേഷും അമ്മ ഒലിയിൽ രുഗ്‌മിണിയും മാത്രമാണ് വീട്ടിലുള്ളത്. വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തതിന്റെ സന്തോഷത്തിലാണ് വിഘ്‌നേഷ്.