കുറ്റിപ്പുറം : അംഗപരിമിതനായ വയോധികന്റെ പെട്ടിക്കടയിലേക്കടക്കം ഇലക്ട്രോണിക് മാലിന്യംതള്ളി സാമൂഹിക ദ്രോഹികൾ. ദേശീയപാത 66ലെ മൂടാൽ ചോലവളവിൽ കിഴക്കേക്കര രാമന്റെ പെട്ടിക്കടയിലും പരിസരത്തുമാണ് ഇലക്ട്രോണിക്സ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.സർവീസ് റോഡിന്റെ വശത്താണ് രാമൻ കച്ചവടം ചെയ്യുന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ മുൻവശത്തും പരിസരത്തും വ്യാപകമായി മാലിന്യങ്ങൾ തള്ളിയതു കണ്ടത്. ഇതു നീക്കിയതിനു ശേഷമാണ് രാമന് കച്ചവടം തുടങ്ങാനായത്.മാലിന്യങ്ങൾ തള്ളിയവർക്കെതിരേ നിയമ നടപടികൾ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും കുറ്റിപ്പുറം പോലീസിലും വാർഡംഗം സക്കീർ മൂടാൽ പരാതി നൽകി.