തിരൂർ : മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുക, തീരദേശ ഹൈവേ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് തീരദേശ സമരയാത്രയ്ക്ക് സ്വീകരണം നൽകാൻ ജില്ലയിൽ ഒരുക്കം തുടങ്ങി. യാത്ര 24-ന് ജില്ലയിലെത്തും. വൈകീട്ട് നാലിന് പരപ്പനങ്ങാടിയിലും ആറിന് പൊന്നാനിയിലുമാണ് സ്വീകരണം. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ മുതലായവർ പങ്കെടുക്കും.പരിപാടി വിജയിപ്പിക്കാൻ 15-ന് വൈകീട്ട് മൂന്നിന് തിരൂരങ്ങാടിയിലും 18-ന് വൈകീട്ട് മൂന്നിന് പൊന്നാനിയിലും മേഖലായോഗങ്ങൾ നടക്കും.
യാത്രയെക്കുറിച്ച് ചർച്ച ചെയ്യാനും സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനും തിരൂർ ടൗൺഹാളിൽ 12-ന് വൈകീട്ട് മൂന്നിന് കൺവെൻഷനും നടത്തും.തിരൂരിൽ നടന്ന ജില്ലാ യുഡിഎഫ് യോഗം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.ടി. അജയ്‌മോഹൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ രണ്ടത്താണി, കൃഷ്ണൻ കോട്ടുമല, ആലിക്കുട്ടി എറക്കോട്ട്, വി. മധുസൂദനൻ, പി.പി. യൂസഫലി, എം. അബ്ദുള്ളക്കുട്ടി, അഷ്റഫ് കോക്കൂർ, എം.പി. അഷ്റഫ്, വെട്ടം ആലിക്കോയ, ഉമ്മർ ഒട്ടുമ്മൽ, കെ. കുഞ്ഞിമരയ്ക്കാർ, പി.സി. വേലായുധൻകുട്ടി, എം. മൊയ്തു, എ.കെ. അബ്ദുറഹിമാൻ, വി.പി. അബ്ദുൾ ഹമീദ്, സി.എം. യൂസഫ് എന്നിവർ പ്രസംഗിച്ചു.