എരമംഗലം : സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയിലായ പെരുമ്പടപ്പിലെ കുടുംബത്തിന് നാട്ടുകാർ പണം കണ്ടെത്തി വായ്പ കടം തീർത്തു. പെരുമ്പടപ്പ് പഞ്ചായത്തിലെ പാറ കോടത്തൂരിൽ വാസുവിന്റെ കുടുംബമാണ് 10 വർഷം മുൻപ് പെരുമ്പടപ്പിലെ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. ജപ്തി ഭീഷണിയിലായ ഈ കുടുംബത്തെയാണ് നാട്ടുകാരുടെ ഇടപെടലിൽ ആധാരം തിരിച്ചു ലഭിച്ചത്. മക്കളുടെ പഠന ആവശ്യത്തിന് കാലപ്പഴക്കമുള്ള വീട് നിൽക്കുന്ന 3 സെന്റ് ഭൂമിയുടെ ആധാരം ഇൗട് വച്ച് 1.5 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് വായ്പ വാങ്ങിയത്. കൂലിപ്പണിക്കാരനായ വാസു ജോലി ഇല്ലാത്തതിനെതുടർന്ന് വായ്പയുടെ അടവുകൾ തെറ്റി.
കുടിശികയും മുതലും അടക്കം 3.20 ലക്ഷം ബാങ്കിൽ അടയ്കണമെന്നും അല്ലാത്ത പക്ഷം ജപ്തി ചെയ്യുമെന്ന് മാസങ്ങൾക്ക് മുൻപ് ബാങ്കിൽ നിന്ന് നോട്ടിസ് ലഭിച്ചിരുന്നു. ജപ്തി ഭീഷണി നേരിടുന്നതിനിടെ 3 ആഴ്ച മുൻപ് വാസു മരിച്ചു. ദിവസങ്ങൾക്ക് മുൻപ് ജപ്തിയുടെ നടപടികൾക്കായി കോടതിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയതോടെ വാസുവിന്റെ ഭാര്യയും കുടുംബവും വീട്ടിൽ നിന്ന് ഇറങ്ങേണ്ട ഗതികേടിലായി. ഇവരുടെ അവസ്ഥ കണ്ടറിഞ്ഞ് നാട്ടുകാർ ഷാജി കാളിയത്തേലിന്റെ നേതൃത്വത്തിൽ പണം കണ്ടെത്തി ബാങ്കിൽ അടച്ച് ജപ്തി ഒഴിവാക്കുകയായിരുന്നു. നാട്ടുകാരിൽ നിന്നും പ്രവാസി സുഹൃത്തുക്കളിൽ നിന്നുമാണ് ആവശ്യമായ പണം കണ്ടെത്തിയത്. ഷാജിയെ കൂടാതെ നാട്ടുകാരായ എൻ.അഷറഫ്, സി.പി.റഷീദ്, സലാഹുദ്ദീൻ പാറ, സി.ഷാജഹാൻ, കെ.രാഹൂൽ, ഷരീഫ്, പി.വത്സലകുമാർ, ഫാരിസ് ആമയം എന്നിവർ ചേർന്ന് ബാങ്കിൽ നിന്ന് ലഭിച്ച ആധാരം വാസുവിന്റെ ഭാര്യ ശാന്തയ്ക്കു കൈമാറി.