കുറ്റിപ്പുറം : ജലസംഭരണിയിലേക്കുള്ള പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ ജില്ലാ അതോറിറ്റിയുടെ കീഴിലുള്ള ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പഞ്ചായത്തിൽ പൂർണമായും നിലച്ചു. കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപം തിങ്കളാഴ്ചയാണ് ജല അതോറിറ്റി കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ പൈപ്പ് തകർന്നത്. ഇതോടെ നിരപ്പ് ടാങ്കിലേക്ക് തിരുനാവായ പമ്പുഹൗസിൽനിന്നുള്ള ജലവിതരണം പൂർണമായും നിർത്തിവെക്കേണ്ടിവന്നു.
ആഴ്ചയിൽ ഒരു ദിവസം പേരിനുമാത്രം ജലവിതരണം നടക്കുന്ന പഞ്ചായത്തിൽ പൈപ്പ് പൊട്ടിയതോടെ ഇനി അതും ഇല്ലാതായിരിക്കുകയാണ്. ജലവിതരണത്തിൽ വാട്ടർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് തിരുനാവായയിലെ പമ്പുഹൗസിൽനിന്ന് കുറ്റിപ്പുറം പഞ്ചായത്തിലേക്ക് ജലവിതരണം പരിമിതപ്പെടുത്തിയത്. മുക്കിലപ്പീടിക മുതൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം വരെയുള്ള 2500-ലധികം കുടുംബങ്ങൾ ഈ വെള്ളത്തെയാണ് നിലവിൽ ആശ്രയിക്കുന്നത്.