കുറ്റിപ്പുറം : നാലു പഞ്ചായത്തുകളിലേക്കും ഒരു നഗരസഭയിലേക്കും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്ന കുറ്റിപ്പുറം ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. 2022-ൽ തുടങ്ങിയ പദ്ധതി 2023 ഒക്ടോബറിൽ കമ്മീഷൻ ചെയ്യേണ്ടതായിരുന്നു. എന്നാൽ ജലശുദ്ധീകരണശാല സ്ഥാപിക്കുന്ന സ്ഥലത്തെ സംബന്ധിച്ചുണ്ടായ സാങ്കേതിക വിഷയങ്ങൾ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസ്സമായി. പദ്ധതി പൂർത്തിയാക്കാൻ ഇനിയും രണ്ട് വർഷങ്ങൾ കൂടി വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. കുറ്റിപ്പുറം, തിരുനാവായ, ആതവനാട്, മാറാക്കര പഞ്ചായത്തുകൾക്കും വളാഞ്ചേരി നഗരസഭയിലെ ചില ഭാഗങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്.

ജലശുദ്ധീകരണശാല സ്ഥാപിക്കുന്നത് മഞ്ചാടിയിൽ:ജലശുദ്ധീകരണശാല സ്ഥാപിക്കാനുള്ള സ്ഥലം ലഭ്യമല്ലാതിരുന്നതാണ് പദ്ധതിയെ പ്രധാനമായും പിന്നോട്ട് വലിച്ചത്. ഏറ്റവും ഒടുവിൽ മഞ്ചാടിയിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ജലശുദ്ധീകരണശാലയുടെ നിർമാണപ്രവൃത്തികൾ ആരംഭിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയും നിർമാണപ്രവൃത്തികൾ ആരംഭിച്ചിട്ടില്ല.

നിർമാണം പുരോഗതിയിൽ:പദ്ധതിക്കാവശ്യമായ ജലം എടുക്കാനുള്ള കിണറിന്റെ നിർമാണം ഭാരതപ്പുഴയിലെ ചെങ്ങണക്കടവിൽ പുരോഗമിക്കുന്നുണ്ട്. ജലശുദ്ധീകരണ പ്ളാന്റിൽനിന്നുള്ള ജലം വിതരണത്തിനായി സംഭരിക്കുന്ന ജലസംഭരണിയുടെ നിർമാണവും കിൻഫ്ര പാർക്കിൽ പുരോഗമിക്കുന്നുണ്ട്.

ഗുണഭോക്താക്കൾ കുറ്റിപ്പുറം പഞ്ചായത്ത്:ജൽജീവൻ പദ്ധതി നടപ്പാക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് കുറ്റിപ്പുറം പഞ്ചായത്ത് നിവാസികളാണ്. മുക്കിലപ്പീടിക മുതൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം വരെയുള്ള പ്രദേശങ്ങളും രാങ്ങാട്ടൂർ, നടുവട്ടം, കൊളത്തോൾ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

ജലനിധി കാര്യക്ഷമമല്ല:പഞ്ചായത്തിലെ കുടിവെള്ളക്ഷാമം നടപ്പാക്കാൻ വാട്ടർ അതോറിറ്റി ജനകീയ കമ്മിറ്റികളുടെ സഹകരണത്തോടെ നടപ്പാക്കിയ ജലനിധി പദ്ധതികൾ ഉൾപ്പെടെയുള്ളവ കാര്യക്ഷമമല്ല. തിരുനാവായയിലെ പമ്പുഹൗസിൽനിന്നാണ് കുറ്റിപ്പുറം പഞ്ചായത്തിലേക്ക് ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം നടക്കുന്നത്. ജലവിതരണത്തിൽ വാട്ടർ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കി. പ്രാദേശിക ജലവിതരണ പദ്ധതികൾ പലതും പ്രവർത്തനക്ഷമവുമല്ല. പദ്ധതിക്കായി പഞ്ചായത്തിൽ കാത്തിരിക്കുന്നത് 5000-ലധികം കുടുംബങ്ങളാണ്.

പദ്ധതി ഉടൻ നടപ്പാക്കണം:പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ വൻതോതിൽ കുടിവെള്ളക്ഷാമം നേരിടുകയാണ്. ഇവിടത്തുകാരുടെ വലിയ പ്രതീക്ഷ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലാണ്. പദ്ധതി എത്രയും വേഗം നടപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

കെ. പ്രവീൺ, നാഗപറമ്പ് കാളവരവ് കമ്മിറ്റി

Related Post

Leave a Reply

Your email address will not be published. Required fields are marked *