എടപ്പാൾ : വായനയുടെ വസന്തമെന്നൊക്കെ വെറുതെ പറയുന്നതല്ല. മഹാകവി വള്ളത്തോളിന്റെ പേരിൽ എടപ്പാളിൽ പ്രവർത്തിക്കുന്ന വള്ളത്തോൾ വിദ്യാപീഠത്തിലെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ ശേഖരം ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്. മഹാകവി അക്കിത്തവും ചാത്തനാത്ത് അച്യുതനുണ്ണിയും കെ.പി. ശങ്കരനുമടക്കമുള്ളവരുടെ സാരഥ്യത്തിലാരംഭിച്ചതാണ് വള്ളത്തോൾ ട്രസ്റ്റും പബ്ലിക്കേഷനും. സാമൂതിരിയുടെ കൊട്ടാരത്തിൽ അമൂല്യമായി സൂക്ഷിച്ചിരുന്ന മാമാങ്കചരിത്രമുറങ്ങുന്ന താളിയോലഗ്രന്ഥങ്ങളും കടലാസ് രേഖകളുമടക്കമുള്ള അപൂർവ രേഖകളാണ് ഇന്ന് ഈ ലൈബ്രറിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ളത്.സ്വന്തമായി പ്രസിദ്ധീകരിച്ച 300-ൽപരം പുസ്തകങ്ങളടക്കം 50000-ത്തോളം പുസ്തകങ്ങളാണ് ഈ ലൈബ്രറിയിലുള്ളത്.
മേഴത്തോൾ അഗ്നിഹോത്രിയുടെ 99 യാഗങ്ങളിൽ പങ്കെടുത്തവരും അഷ്ടഗൃഹത്തിൽ ആഢ്യൻമാരിൽ പ്രധാനികളുമായ വെള്ളയിൽ കുടുംബത്തിന്റെ ചരിത്രം വെളിവാക്കുന്ന വെള്ളയുടെ ചരിത്രം, എൻ.എം. നമ്പൂതിരിയുടെ സാമൂതിരി ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ തുടങ്ങി ഒട്ടനവധി ചരിത്രങ്ങൾ, പഠനങ്ങൾ, ഗവേഷണഗ്രന്ഥങ്ങൾ തുടങ്ങിയവയെല്ലാം ഗവേഷണവിദ്യാർഥികൾക്ക് മുതൽക്കൂട്ടാണ്. എം.ആർ. രാഘവവാരിയർ, രാജൻ ഗുരുക്കൾ തുടങ്ങിയവരുടെ അമൂല്യചരിത്രപുസ്തകങ്ങളും ഇവയിലുണ്ട്. പ്രധാന ഗ്രന്ഥങ്ങളെല്ലാം ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികളും നടന്നുവരികയാണ്. വായന, ചർച്ച, സെമിനാറുകൾ തുടങ്ങി സമൂഹത്തെ സംസ്‌കാരസമ്പന്നമാക്കാനുള്ള പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.
തുടക്കംമുതൽ വായനശാലയിലെത്തുന്നവരെ വിസ്മയപ്പെടുത്തുന്ന ഒന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പുകളുടെ ശേഖരം. എം.ടി.യുടെയും എൻ.വി. കൃഷ്ണവാരിയരുടെയും പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പുകളെ നിധിപോലെയാണ് ഇവർ സംരക്ഷിക്കുന്നത്. എൻ.വി. വള്ളത്തോൾ ട്രസ്റ്റ് ഡയറക്ടർ കൂടിയായിരുന്നു. ഉറൂബിന്റെ ഉമ്മാച്ചു, തകഴിയുടെ ഏണിപ്പടികൾ, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം. മുകുന്ദന്റെ തെയ്യഴുംപുഴയിൽ തുടങ്ങിയ കേമപ്പെട്ട സാഹിത്യകൃതികൾ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പതിറ്റാണ്ടുകളായുള്ള ലക്കങ്ങൾ ഇവിടെ ബൈൻഡ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു.
മഹാകവി വള്ളത്തോളിന് 75 വയസ്സായ സമയത്ത് 1953 ഒക്ടോബർ 25-ൽ സുഹൃത്തായ കുറ്റിപ്പുറത്ത് കിട്ടുണ്ണി നായരുടെ ആശംസാകുറിപ്പ്, പി. ഭാസ്‌കരന്റെ ഉണങ്ങാനിട്ട വസ്ത്രങ്ങൾ, ഐഎംഎഫ് വായ്പയെക്കുറിച്ചുള്ള ബി.എം. ഗഫൂറിന്റെ രസകരമായ കാർട്ടൂൺ തുടങ്ങി രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും മാറ്റങ്ങളെയുമെല്ലാം വരച്ചിട്ട അമൂല്യകാഴ്ചകളാണ് ഈ ശേഖരത്തിലുള്ളത്. ആ കാഴ്ചകളുടെ ചിത്രങ്ങളും ഇവയിലുണ്ട്. ചാത്തനാത്ത് അച്യുതനുണ്ണിയുടെ, പുതുതലമുറയിൽപ്പെട്ട കെ. ദിലീപ്കുമാറുമടക്കമുള്ളവരുടെ സൂക്ഷ്മമായ കാവലിലൂടെ ഈ അക്ഷരലോകം വരുംതലമുറയ്ക്കുള്ള അമൂല്യസംഭാവനയാകുകയാണ്.