ചങ്ങരംകുളം : പൊതുരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അഷ്‌റഫ് കോക്കൂരിന് നാട് ആദരമൊരുക്കി. അൻപതാണ്ടിന്റെ പാരമ്പര്യവുമായി പൊതുപ്രവർത്തന രംഗത്ത് തിളങ്ങുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അഷ്‌റഫ് കോക്കൂരിനെ ചങ്ങരംകുളം ഓപ്പൺ ഫോറത്തിന്റെ നേതൃത്വത്തിൽ കർമശ്രേഷ്ഠ പുരസ്‌കാരം നൽകിയാണ് ആദരിച്ചത്.കർമശ്രേഷഠ പുരസ്‌കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഷ്‌റഫ് കോക്കൂരിന് സമർപ്പിച്ചു.എല്ലാവരോടും സഹൃദയഭാവമുള്ള ആളാണ് അഷ്‌റഫ് കോക്കൂരെന്ന് അദ്ദേഹം പറഞ്ഞു. മേഖലയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച അഷ്‌റഫ് കോക്കൂരിന് ഇനിയും വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി പൊന്നാടയണിയിച്ചു.

വിവിധ മേഖലകളിൽ അഷ്റഫ് കോക്കൂരുമായി ബന്ധമുള്ള വ്യക്തിത്വങ്ങളുടെ രചനകൾ ഉൾക്കൊള്ളിച്ച ‘സ്‌നേഹജാലകം’ പുസ്തകം പി.കെ. കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തലയ്ക്ക് നൽകി പ്രകാശനംചെയ്തു. നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ അഷ്‌റഫ് കോക്കൂരും മാനംകണ്ടത്ത് തറവാടും വഹിച്ച പങ്ക് എത്രതലമുറ കഴിഞ്ഞാലും നാടു മറക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.സ്‌നേഹസമ്പന്നനും എല്ലാവർക്കും നല്ല സുഹൃത്തുമായ അഷ്‌റഫ് കോക്കൂരിന് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന പ്രഖ്യാപനമാണ് ചടങ്ങിനെത്തിയ നിറഞ്ഞ സദസ്സെന്നും നല്ല പൊതുപ്രവർത്തനത്തെ എല്ലാവരും അംഗീകരിക്കുമെന്നതിന്റെ തെളിവാണ് അഷ്‌റഫ് കോക്കൂരിന്റെ അരനൂറ്റാണ്ട് പിന്നിട്ട പൊതുജീവിതമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എം.പി. അബ്ദുസമദ് സമദാനി എംപി, പി. ഉബൈദുള്ള എംഎൽഎ, പി. നന്ദകുമാർ എംഎൽഎ, അഡ്വ. ഇ സിന്ധു, നാലകത്ത് സൂപ്പി, പി.ടി. അജയ് മോഹൻ, സുഹറ മമ്പാട്, സി.എച്ച്. റഷീദ്, പി.പി. യൂസഫലിതുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *