കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വഴിയൊരുക്കുന്ന രീതിയിലുള്ള ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണപ്രവർത്തനങ്ങൾ മൂന്നു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഒറ്റപ്പെടുന്ന നഗരങ്ങളിലൊന്നായ കുറ്റിപ്പുറത്തിന് പുതു ജീവൻ നൽകാൻ വഴിയൊരുക്കുന്ന പദ്ധതിയാണ് ഭരണസമിതിയുടെ കാര്യക്ഷമതയില്ലാത്ത സമീപനംവഴി ഇപ്പോഴും എങ്ങുമെത്താതിരിക്കുന്നത്.
ഡിപിആർ ഇപ്പോഴും തയ്യാറാക്കിയിട്ടില്ല: പദ്ധതിയുടെ രൂപരേഖയും വിശദമായ പദ്ധതിരേഖയും തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെയാണ് ഭരണസമിതി ഏൽപ്പിച്ചത്. ഊരാളുങ്കൽ ഭരണസമിതിയുമായി ഒട്ടേറെതവണ ചർച്ച നടത്തി തയ്യാറാക്കിയ പദ്ധതിയുടെ രൂപരേഖ അംഗീകരിക്കാൻ രണ്ടു വർഷമാണ് ഭരണസമിതി ചെലവഴിച്ചത്.അതിനുശേഷം മൂന്നു മാസം മുൻപ് നിർമാണസ്ഥലത്തെ മണ്ണു പരിശോധന ഊരാളുങ്കൽ നടത്തി. തുടർന്ന് വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ പ്രദേശത്തിന്റെ രേഖകൾ ഊരാളുങ്കൽ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അത് ഭരണസമിതി നൽകിയിട്ടില്ല
സ്ഥലരേഖകൾ കാണാതായതിൽ ദുരൂഹത: ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് പദ്ധതിയുമായി ബന്ധപ്പെട്ട് ഈ ഭരണസമിതിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൈമാറിയ സ്ഥല രേഖകൾ കാണാതായത് സംബന്ധിച്ചുള്ള ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു. കോൺഗ്രസ്സിലെ റിജിത ഷലീജ് പ്രസിഡന്റ് ആയിരിക്കേ പദ്ധതി പ്രദേശത്ത് ഡിജിറ്റൽ സർവേ നടത്തി സ്ഥലത്തിന്റെ മുഴുവൻ രേഖകളും തയ്യാറാക്കിയിരുന്നു. അതിനുശേഷം വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്ന ഊരാളുങ്കലിന് അയച്ചു കൊടുക്കാൻ പഞ്ചായത്തിലെ സാങ്കേതിക വിഭാഗത്തിലെ കരാർ ജീവനക്കാരനെ ഏൽപ്പിക്കുകയും ചെയ്തതായാണ് റിജിത ഷലീജ് പറയുന്നത്.
പദ്ധതി നടപ്പാക്കാൻ എന്താണ് തടസ്സം
:ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് പദ്ധതി നടപ്പാക്കാൻ എന്താണ് തടസ്സമെന്ന് പറയാൻ ഭരണസമിതിയോ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഒരു വിവരവും പുറത്തു പറയാൻ പാടില്ലെന്നാണ് ഭരണസമിതി അറിയിച്ചിരിക്കുന്നതെന്നാണ് ഊരാളുങ്കൽ പറയുന്നത്. പദ്ധതിയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് പറയുന്നത്.
ആദ്യം ബസ് സ്റ്റാൻഡ്; പിന്നെ വാണിജ്യ സമുച്ചയം: പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻഡാണ് ആദ്യം നിർമിക്കുക. രണ്ടാംഘട്ടത്തിലാണ് വാണിജ്യസമുച്ചയം നിർമിക്കുക. രണ്ടു പദ്ധതികളും ഉൾപ്പെടുന്ന രീതിയിലാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുക.വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ജിഎസ്ടി ഉൾപ്പെടെ 25 ലക്ഷമാണ് ഭരണസമിതി വകയിരുത്തിയത്. ഇതിൽ ഉപകരാർ തയ്യാറാക്കിയതിനു ശേഷം ആദ്യഘട്ടമായി 35 ശതമാനമായ നാലു ലക്ഷത്തിൽപ്പരം രൂപ ഊരാളുങ്കലിനു നൽകി. ബസ് സ്റ്റാൻഡ് നിർമാണത്തിനായി അഞ്ചു കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ ഭരണസമിതി വകയിരുത്തിയത്.
ബസ് സ്റ്റാൻഡ് ഉടൻ നിർമിക്കണം: ജില്ലയിലെ പ്രധാന ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് കുറ്റിപ്പുറം സ്റ്റാൻഡ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്താൽ ഇവിടെ ബസ് ജീവനക്കാരും യാത്രക്കാരും ഏറെ പ്രയാസങ്ങൾ നേരിടുന്നുണ്ട്. കുറ്റിപ്പുറത്ത് ആധുനിക രീതിയിൽ ഒരു ബസ് സ്റ്റാൻഡ് എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പഞ്ചായത്ത് ഭരണസമിതി അത് നടപ്പിലാക്കാൻ ശ്രമിക്കണം.കെ.പി. സന്തോഷ്(ബസ് ഡ്രൈവർ)
വൈകുന്നതിന്റെ കാരണം തുറന്നുപറയണം: ഓരോ വിഷയങ്ങൾ ഉയർത്തി കുറ്റിപ്പുറം ബസ്‌സ്റ്റാൻഡ് നവീകരണം വൈകിപ്പിക്കുന്നതിനുപിന്നിൽ ആരാണെന്ന് പറയാൻ ഭരണസമിതി തയ്യാറാകണം. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കും മുൻപെങ്കിലും ബസ്‌സ്റ്റാൻഡ് നവീകരണ പ്രവർത്തനം ആരംഭിക്കണം.സി. മൊയ്‌തീൻകുട്ടി(സെക്രട്ടറി, സീനിയർ സിറ്റിസൺസ് ഫോറം കുറ്റിപ്പുറം)
വെളിവാകുന്നത് ഭരണസമിതിയുടെ കഴിവുകേട്: കുറ്റിപ്പുറം ബസ്‌സ്റ്റാൻഡ് വികസനം നടക്കതെപോകുന്നത് യുഡിഎഫ് ഭരണസമിതിയുടെ കഴിവുകേടാണ്. പദ്ധതിക്ക് പൂർണ സഹകരണമാണ് പ്രതിപക്ഷം നൽകിയത്. പ്രസിഡന്റുമാരേയും വൈസ് പ്രസിഡന്റുമാരേയും ഇടക്കിടെ മാറ്റുക എന്ന നയം മാത്രമാണ് യുഡിഎഫിനുള്ളത്. പദ്ധതി അലംഭാവത്തിനെതിര നിരവധി സമരങ്ങൾ പ്രതിപക്ഷം നടത്തിക്കഴിഞ്ഞു. വിഷയത്തിൽ പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തിറങ്ങണം.സി.കെ. ജയകുമാർ(പ്രതിപക്ഷ നേതാവ്)
നവീകരണം ഉടൻ തുടങ്ങുംഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുംമുൻപ് ബസ്‌സ്റ്റാൻഡ് നവീകരണ പദ്ധതിക്ക് തുടക്കമിടും. അതിനായുള്ള നിരന്തര പരിശ്രമത്തിലാണ് ഭരണസമിതി.നസീറ പറത്തൊടി(കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്)