എടപ്പാൾ : ഭൂമിയിൽ ഉയരമൊന്നും പാടില്ല, എല്ലാം സമനിരപ്പാകണം, അല്ലെങ്കിൽ അതിനെക്കാൾ താഴ്ന്നു കിടക്കണം എന്നു വാശിയുള്ള ചിലരുണ്ട്.കുറച്ചു ഉയർന്നു കിടക്കുന്ന സ്ഥലമാണെങ്കിൽ അവരതിൽ കണ്ണുവെക്കും. നിരപ്പാക്കി ആ മണ്ണ് കൊണ്ടുപോയി വിറ്റ് പണം പോക്കറ്റിലായാൽ മാത്രമേ അവർക്കുറക്കം കിട്ടൂ.അതിനവർ ഏതറ്റംവരെയും പോകും. നാട്ടിലെ കുന്നിടിക്കലും വയൽ നികത്തലുമെല്ലാം ഇവർ മൊത്തത്തിൽ കരാറെടുത്തിരിക്കുകയാണ്. ഇതാണ് നാടിന്റെ ഇന്നത്തെ പാരിസ്ഥിതിക നാശത്തിന് പ്രധാന കാരണം.എടപ്പാളിൽ ഒരു കണാരക്കുന്ന് മാത്രമല്ല അവരുടെ കഴുകൻകണ്ണിൽപ്പെട്ടിട്ടുള്ളത്. ഓരോ കുന്നുകളും നിരപ്പാക്കുമ്പോഴും മാധ്യമപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കുറെ പ്രതിഷേധ മുയർത്തും.
ഉദ്യോഗസ്ഥരെത്തി ഒരു സ്റ്റോപ്പ് മെമ്മോ നൽകും.അതോടെ തീർന്നു അവരുടെ ജോലി. പിന്നീട് ആരുമറിയാതെ ആ സ്ഥലം നിരപ്പായിട്ടുണ്ടാകും. ഒപ്പം മറ്റെവിടെയെങ്കിലും കുറെ വയൽ നികന്നിട്ടുമുണ്ടാകും.ശുകപുരം സഫാരി മൈതാനിക്കപ്പുറത്തെ ഒരു കുന്ന് ആറു വർഷം മുൻപ് നികത്താൻ ശ്രമം നടന്നത് പരിസ്ഥിതി പ്രവർത്തകരായ അഡ്വ. ഷാഫി, അഡ്വ. കെ. വിജയൻ, ഡോ. സിജിൻ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു.ഇതിനെതിരേ മണ്ണു മാഫിയ ഹൈക്കോടതിയെ സമീപിച്ചു. ഇതുവരെ തീരുമാനമായിട്ടില്ല.ഇവരെല്ലാം പ്രതികളായ ആ കേസ് ഇപ്പോഴും തുടരുന്നു. അതുകൊണ്ടിത്രകാലമെങ്കിലും ആ കുന്ന് സംരക്ഷിക്കപ്പെട്ടു.ശുകപുരം ചമ്പ്രമാണം ക്ഷേത്രംകഴിഞ്ഞ് ഇന്ദിരാജി സ്തൂപത്തിനു പിറകിൽ ഇതുപോലെ കുറച്ച് ഉയർന്ന പ്രദേശങ്ങളുണ്ട്. പലവട്ടമായി ഇവിടുത്തെ മണ്ണ് കൊണ്ടുപോകാൻ ശ്രമം നടക്കുന്നു.
പക്ഷേ, പരിസരവാസികളുടെ ശക്തമായ എതിർപ്പു കാരണം ഇനിയും അതു നടന്നിട്ടില്ല. സംസ്ഥാന പാതയോരത്ത് നടുവട്ടം കണ്ണഞ്ചിറ വളവിലെ ഒരുയുർന്ന പ്രദേശം ഏതാനും ദിവസംകൊണ്ടാണ് നിരപ്പായത്.പോലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ഇതിലൂടെ നിരന്തരം കടന്നുപോകുന്നതാണ്.പക്ഷേ, ആരും കണ്ടില്ല, അറിഞ്ഞുമില്ല. എടപ്പാൾ വെങ്ങിനിക്കര പാടശേഖരത്തിലെ വയലും അടുത്ത ദിവസങ്ങളിലായാണ് ചുവന്നു സുന്ദരിയായത്. ജനകീയ പ്രതിരോധവും അതോടൊപ്പം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നിയമം നടപ്പാക്കാനുള്ള ആത്മാർത്ഥ ശ്രമവുമുണ്ടായാൽ മാത്രമേ ഈ പരിസ്ഥിതി നാശപ്രവൃത്തിക്ക് തടയിടാനാവൂ.
പ്രതിഷേധവുമായി സിപിഎം:കണാരക്കുന്ന് ഇടിച്ചുനിരത്താനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്ന് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏരിയ സെക്രട്ടറി ടി. സത്യന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച സംഘമാണ് പരിസ്ഥിതിക്കും പ്രദേശവാസികൾക്കും വലിയ പ്രതിസന്ധിയുണ്ടാക്കുന്ന ഈ നീക്കത്തിനെതിരേ കർശന നിലപാട് പ്രഖ്യാപിച്ചത്.